
തിരുവനന്തപുരം കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ (കരിക്കുലം) ഉബൈദിനാണ് അന്വേഷണച്ചുമതല. കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി കുറ്റിച്ചല്‍ എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് ഇന്ന് രാവിലെ സ്കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. 'മകന്റേത് ആത്മഹത്യ എന്ന് പറയില്ലെന്നും കൊല്ലപ്പെട്ടതാണെന്നേ പറയുകയുള്ളൂവെന്നും കുട്ടിയുടെ അമ്മാവന് പറഞ്ഞു. കുട്ടിയെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നു.
അസൈമെന്റ് സൈന്‍ ചെയ്തതില്‍ സീല്‍ വെച്ച് നല്കാന് കുട്ടി ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ക്ലര്‍ക്ക് ഇത് നല്‍കിയില്ല. ഇതേ തുടര്‍ന്ന് കുട്ടിയോട് ക്ലര്‍ക്ക് കയര്‍ത്ത് സംസാരിച്ചെന്ന് കുട്ടി വീട്ടില്‍ പറഞ്ഞിരുന്നുവെന്നും അമ്മാവന് വെളിപ്പെടുത്തി. റെക്കോര്‍ഡ് സീല്‍ ചെയ്യേണ്ട ദിവസം കാണാന്‍ ചെന്നപ്പോള്‍ സീല്‍ നല്കാന് ക്ലാര്‍ക്ക് അശ്രദ്ധമായി ഇരിക്കുകയായിരുന്നു. കുറേ സമയം നോക്കിയ ശേഷം കുട്ടികള്‍ തന്നെ സീലെടുത്ത് കൊണ്ട് വന്നപ്പോള്‍ 'നിന്റെ അപ്പന്റെ വകയാണോ സീല്‍' എന്ന് ചോദിച്ച് അപമാനിച്ചുവെന്നും കുട്ടിയുടെ അമ്മാവന് പറയുഞ്ഞു. ക്ലാര്‍ക്കുമായി ഉണ്ടായ തര്‍ക്കത്തിന്റെ ഭാഗമായി കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് കൊണ്ടു വരാന്‍ പറഞ്ഞിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വ്യകതമാക്കിയിരുന്നു.






