
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 1,800 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,120 രൂപയിലെത്തി. ഗ്രാമിന് 225 രൂപ ഉയർന്ന് 13,890 രൂപയായും നിരക്ക് വർധിച്ചു.
ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം അവസാനത്തിലേക്കാണെന്നും സമാധാന ധാരണയ്ക്ക് സാധ്യതയുണ്ടെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെ വിപണിയിൽ ഉണ്ടായ ചലനങ്ങൾ സ്വർണവിലയിലും പ്രതിഫലിച്ചു.
ശനിയാഴ്ച മാത്രം പവന് 2,160 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നും ഉയർച്ച തുടർന്നതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവൻ വിലയിൽ ആകെ 4,300 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ ആഴ്ച 5,000 രൂപയിലധികം ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് സ്വർണവില വീണ്ടും ഉയർച്ചയിലേക്ക് തിരിഞ്ഞത്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിലെ അനിശ്ചിതത്വവും അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിച്ചതായി വിലയിരുത്തപ്പെടുന്നു.
അമേരിക്കയിൽ പലിശനിരക്ക് വർധിച്ചാൽ സാധാരണയായി സ്വർണവിലയിൽ ഇടിവ് ഉണ്ടാകുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അതേസമയം, ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ റെക്കോർഡ് ഉയരം. ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.






