
കോട്ടയം: ഗാന്ധിനഗര്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ ക്രൂരമായ റാഗിംഗ് നടന്ന സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണത്തിന്. തെളിവെടുപ്പ് നടത്തുന്നതിനായി റാഗിംഗ് നടന്ന ഗാന്ധിനഗറിലെഹോസ്റ്റല് റൂം പൂട്ടി. മൂന്ന് മാസത്തിലേറെ നീണ്ട അതിക്രൂരമായ റാഗിംഗാണ് ഗാന്ധിനഗര്‍ നഴ്സിംഗ് കോളേജില്‍ നടന്നതെന്നാണ് വിവരം. റാഗിംഗ് നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിത 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. ക്രൂരത പുറത്തുവന്നതോടെ ഇവിടെ ജോലി ചെയ്തിരുന്ന ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ നീക്കം ചെയ്തു. നടക്കുമ്പോള്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന് വിവരം.
വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കുന്നത് തുടരും.വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വിവരം സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടിരുന്നില്ലെന്നും സൂചന. റാഗിംഗ് നടന്നത് അറിഞ്ഞില്ലെന്നും ഇരയായ കുട്ടികള്‍ നിലവിളിക്കുന്നതു കേട്ടില്ലെന്നുമാണ് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി മൊഴി. കേസില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസെടുത്തതിന് പിന്നാലെ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഫെബ്രുവരി 9നും സമാന രീതിയില്‍ റാഗിംഗ് നടന്നിരുന്നതായാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലിനേയും അസി. പ്രൊഫസറേയും സസ്പെന്റ് ചെയ്തിരിക്കുകയാണ്. പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ ടി, അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.






