
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ വീഡിയോയില്‍ മുന്‍ കേരളാമുഖ്യമന്ത്രി ഇ.കെ. നായനാരും. നായനാര്‍ പ്രസംഗിക്കുന്നതിന്റെ എ-ഐ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിക്കുകയാണ്. നേരത്തേ എഐയെക്കുറിച്ച് അനുകൂലിച്ചും പിന്നീട് നിലപാട് തിരുത്തിയും എംവി ഗോവിന്ദനും വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു.
ഭരണത്തുടര്ച്ചയെക്കുറിച്ചും എന്തുകൊണ്ടാണ് ഇടതുപക്ഷമെന്നും ഇടതിന്റെ ജനകീയ അടിത്തറ എന്താണെന്നും വ്യക്തമാക്കി സംസ്ഥാന സമ്മേളന വേദിയിലേക്ക് അണികളെ ക്ഷണിക്കുന്നതാണ് നായനാരുടെ വീഡിയോ. അതേസമയം സിപിഎം സംസ്ഥാന സമ്മേളനത്തിന് എ-ഐ വീഡിയോ ഉപയോഗിച്ചത് വലിയ വിമര്‍ശനത്തിനും ഇടയാക്കിയിരിക്കുകയാണ്. ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്സ് ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ പ്രചരിക്കുന്നതിനിടെ മുമ്പ് സിപിഎം എഐയ്ക്ക് എതിരേ എടുത്ത നിലപാടാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന പേരിലായിരുന്നു നേരത്തെ സിപിഎം എഐയെ വിമര്‍ശിച്ചിരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്സിനായുള്ള രാഷ്ട്രീയപ്രമേയത്തിലും ഇത് ഉന്നയിച്ചിരുന്നു. അതിന് പിന്നാലെ ഇ.കെ.നായനാരുടെ പ്രസംഗത്തിന്റെ എഐ വീഡിയോ വിമര്‍ശനം വിളിച്ചു വരുത്തുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നാല്‍ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നതാണെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നുമാണ് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത്.






