
ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിന് സമീപത്തെ ഔട്ടര് റിംഗ് റോഡില് രണ്ട് വിദ്യാത്ഥികള് ലക്ഷ്വറി കാറുമായി സ്റ്റണ്ടു നടത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള് പ്രചരിച്ചതിന് പിന്നാലെ വിദ്യാര്ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് കാറുകള് പിടിച്ചെടുത്തായിട്ടാണ് റിപ്പോര്ട്ട്. സൂര്യ റെഡ്ഡി എന്ന പത്രപ്രവര്ത്തകനാണ് വിദ്യാര്ത്ഥികളുടെ കാര് സ്റ്റണ്ട് വീഡിയോ സമൂഹ മാധ്യമങ്ങളില് പങ്കുവച്ചത്.
വീഡിയോയില് ആറ് വരി പാതയുടെ ഒത്ത നടുക്ക് രണ്ട് ലക്ഷ്വറി കാറുകള് വട്ടം തിരിയുന്നത് കാണാം. രാത്രിയിലായതിനാല് റോഡില് മറ്റ് വാഹനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതേസമയം തൊട്ട് ചേര്ന്നുള്ള റോഡിലൂടെ വാഹനങ്ങള് കടന്ന് പോകുന്നത് കാണാം. വളരെ പെട്ടെന്ന് തന്നെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. പിന്നാലെ പോലീസിനെ ടാഗ് ചെയ്ത് കൊണ്ട് നിരവധി പേര് വീഡിയോ റീഷെയര് ചെയ്തു. ഇതോടെ നടപടിയുമായി പോലീസും രംഗത്തെത്തി.
എന്നാല്, വിദ്യാര്ത്ഥികള് കാറിന്റെ നമ്പര് പ്ലേറ്റ് ഊരിവച്ചായിരുന്നു സ്റ്റണ്ട് നടത്തിയത്. ഇത് ഇവരെ തിരിച്ചറിയാന് തടസമായി. എന്നാല്, സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച പോലീസ് ഡ്രൈവര് സീറ്റിലിരുന്ന വിദ്യാര്ത്ഥികളുടെ മുഖം തിരിച്ചറിഞ്ഞു. പിന്നാലെ റോഡിലെ സിസിടിവികള് പരിശോധിച്ച് കാറുകളുടെ സഞ്ചാര പാത മനസിലാക്കിയ പോലീസ് പിന്നാലെ വിദ്യാര്ത്ഥികളെ അറസ്റ്റ് ചെയ്യുകയും കാറുകള് പിടിച്ചെടുക്കുകയുമായിരുന്നെന്നും റിപ്പോര്ട്ടില് പറയുന്നു. രാജേന്ദ്രനഗര് നിവാസിയായ മുഹമ്മദ് ഒബൈദുള്ള (25), മലക്പേട്ട് നിവാസിയായ സൊഹൈര് സിദ്ദിഖി (25) എന്നിവരാണ് അറസ്റ്റിലായത്.







Comments