
കൊച്ചി: പാതിവില സ്കൂട്ടര്‍ തട്ടിപ്പ് കേസില്‍ റിട്ട. ഹൈക്കോടതി ജഡ്ജി സി.എന്‍. രാമചന്ദ്രന് നായരെ പ്രതി ചേര്‍ക്കാന്‍ ഏതെങ്കിലും ഗൂഢാലോചനയോ ഇടപെടലുകളോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന പരാതിയില്‍ സംസ്ഥാന പോലീസ് ആസ്ഥാനം റിപ്പോര്‍ട്ട് തേടി. പരാതി അടിയന്തര സ്വഭാവത്തില്‍ പരിശോധിച്ച് അന്വേഷണം നടത്താനാണു ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിന്റെ നിര്‍ദേശം.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് സംസ്ഥാന പോലീസ് മേധാവിക്കും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിക്കും നല്കിയ പരാതിയിലാണു നടപടി. ഭരണഘടനാപദവി വഹിച്ച ആള്‍ക്കെതിരേയാണ് കേസെടുത്തതെന്നും ഇതു ജനങ്ങള്‍ക്കു നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യതയെ ബാധിക്കുമെന്നും ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
തെളിവുകളുണ്ടെങ്കില്‍ അറിയിക്കൂവെന്നും കോടതി നിര്‍ദേശിച്ചു. തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന് പങ്കെടുത്ത യോഗങ്ങളില്‍ സ്വാഗതം പറഞ്ഞുവെന്ന് മാത്രമേയുള്ളൂവെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ വിശദീകരിച്ചിരുന്നു. അനന്തു കൃഷ്ണനുമായി ഒരു ബന്ധവുമില്ല. സായിഗ്രാം ഡയറക്ടര്‍ ആനന്ദകുമാറുമായി പരിചയമുണ്ട്.
നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷനുമായുള്ള ബന്ധം 2024 ല്‍ അവസാനിപ്പിച്ചിരുന്നു. ഉപദേഷ്ടാവ് ആയിരുന്നു. പണം പിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് ബന്ധം ഉപേക്ഷിച്ചതെന്നും സി.എന്‍. രാമചന്ദ്രന് നായര്‍ വിശദീകരിച്ചിരുന്നു. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫഡറേഷന്‍ മലപ്പുറം രക്ഷാധികാരിയെന്ന നിലയിലാണ് സി.എന്‍. രാമചന്ദ്രന് നായരെ മൂന്നാം പ്രതിയാക്കി പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്.






