
കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ഹൃദയം കവര്‍ന്ന താരമാണ് ഗായത്രി അരുണ്‍. അഭിനയം മാത്രമല്ല അവതരണവും പുസ്തകമെഴുത്തും വ്ലോഗിംഗും ബിസിനസ്സുമെല്ലാം ഒരുമിച്ചു കൊണ്ടു പോകുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഗായത്രി. സീരിയലിലെ ഐപിഎസ് വേഷത്തിന് ശേഷം ചില സിനിമകളിലും താരം ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്തു.
ഗായത്രിയുടെ ആദ്യത്തെ പുസ്തകം ‘അച്ചപ്പം കഥകള്‍’ന് മികച്ച പ്രതികരണമാണ് വായനക്കാര്‍ക്കിടയില്‍ നിന്ന് കിട്ടിയത്. അടുത്തിടെയാണ് താരത്തിന്റെ രണ്ടാമത്തെ പുസ്തകമായ യാത്രയ്ക്കപ്പുറം പ്രകാശനം ചെയ്യപ്പെട്ടത്.
ഇപ്പോഴിതാ പ്രകാശനച്ചടങ്ങില്‍ സർപ്രൈസായി സഹോദരൻ എത്തിയതിന്റെ വീഡിയോ ഗായത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്.
വീഡിയോയില്‍ കല്ലു എന്നു വിളിക്കുന്ന ഗായത്രിയുടെ മകളാണ് സഹോദരനെ ആദ്യം പോയി സ്വീകരിക്കുന്നത് കാണാം. ഒട്ടും പ്രതീക്ഷിക്കാതെ കൂടപ്പിറപ്പിനെ കണ്ടപ്പോള്‍ ഉണ്ടായ അമ്പരപ്പും ഗായത്രിയുടെ മുഖത്തുണ്ട്. നിറകണ്ണുകളോടെ ഗായത്രി സഹോദരനെ കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തലേദിവസം കോഴിക്കോടു വന്ന് റൂം എടുത്ത് താമസിച്ചു എന്നും തനിക്ക് വരാതിരിക്കാൻ ആകുമോ എന്നുമായിരുന്നു സഹോദരന്റെ പ്രതികരണം.
‘അച്ചപ്പം കഥകള്‍’ക്ക് ശേഷം കഴിഞ്ഞ മാസം കോഴിക്കോടു വെച്ചു നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ വെച്ചാണ് രണ്ടാമത്തെ പുസ്തകമായ യാത്രയ്ക്കപ്പുറം പ്രകാശനം ചെയ്യപ്പെട്ടത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റയ്ക്കും ഗായത്രി നടത്തിയ യാത്രാ ഓർമകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ‘യാത്രയ്ക്കപ്പുറം’. ഡിസി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
അഭിനയത്തിനും എഴുത്തിനും പുറമേ, അവതാരക എന്ന നിലയിലും ഗായത്രി ഇതിനകം പ്രശസ്തി നേടിയിട്ടുണ്ട്. സ്വന്തം നാടായ ചേർത്തലയില്‍ സ്വന്തമായി ഒരു നെയില്‍ ആർട്ട് സ്റ്റുഡിയോ തുടങ്ങി സംരംഭകയായും താരം തിളങ്ങുന്നുണ്ട്. ബിസിനസ് ഒരിക്കലും തനിക്ക് വഴങ്ങില്ല എന്നു കരുതിയിരുന്നതാണെന്നും വളരെ പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു പുതിയ സംരംഭത്തിന് പിന്നിലെന്നും ഗായത്രി പറഞ്ഞിരുന്നു. ഗായത്രിയുടെ ഭർത്താവും ഒരു ബിസിനസ്മാനാണ്.






