
കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫി ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്കോര്‍. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് അടിച്ചെടുത്തത്. വില്‍ യംഗ് (107), ടോം ലാതം (104 പന്തില്‍ പുറത്താവാതെ 118) എന്നിവരുടെ സെഞ്ചുറികളാണ് കിവീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്സ് (39 പന്തില്‍ 61) നടത്തിയ വെടിക്കെട്ട് നിര്‍ണായകമായി. പാകിസ്ഥാന് വേണ്ടി നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷഹീന് അഫ്രീദിക്ക് വിക്കറ്റൊന്നും നേടാനായില്ല.
ന്യൂസിലാൻഡിനായി ഓപണർമാരായ വിൽ യങ്ങും ഡേവോൺ കോൺവേയും ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ 40 റൺസിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തി പാകിസ്താൻ തിരിച്ചുവന്നു. 10 റൺസോടെ ഡെവോൺ കോൺവേയും ഒരു റൺസുമായി കെയ്ൻ വില്യംസണും പുറത്തായി. പിന്നാലെ ഡാരൽ മിച്ചൽ 10 റൺസുമായി മടങ്ങിയപ്പോൾ ന്യൂസിലാൻഡ് സ്കോർ മൂന്നിന് 73 എന്ന നിലയിൽ തകർന്നു.
എന്നാൽ പിന്നീടാണ് കിവീസ് ഇന്നിംഗ്സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. അഞ്ചാം വിക്കറ്റില്‍ യംഗ് - ലാതം സഖ്യം 118 റണ്‍സ് കൂട്ടിചേര്‍ത്തു. 38-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. യംഗിനെ നസീം പുറത്താക്കുകയായിരുന്നു. 113 പന്തിൽ 12 ഫോറും ഒരു സിക്സറും സഹിതം 107 റൺസെടുത്ത വിൽ യങ് ചാംപ്യൻസ് ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേട്ടക്കാരനായി. ഏകദിന ക്രിക്കറ്റിലെ യങ്ങിന്റെ നാലാം സെഞ്ച്വറിയുമാണിത്. അഞ്ചാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സ് - ടോം ലേഥം സഖ്യം 125 റൺസ് കൂട്ടിച്ചേർത്തു. 39 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം 61 റൺസെടുത്താണ് ഫിലിപ്സ് ഹാരിസ് റൗഫിനെ സ്കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ ഫഖര്‍ സമാന് ക്യാച്ച് നല്കി പുറത്തായത് . പിന്നാലെ ലേഥത്തിന്റെ സെഞ്ച്വറിയും പിറന്നു. 104 പന്തിൽ 10 ഫോറും മൂന്ന് സിക്സറും സഹിതം ലേഥം 118 റൺസെടുത്തു .കിവീസ് വിക്കറ്റ് കീപ്പറുടെ എട്ടാം സെഞ്ചുരി കൂടിയാണിത്. മൈക്കല്‍ ബ്രേസ്വെല്ലും (0) പുറത്താവാതെ നിന്നു.





