
തിരുവനന്തപുരം: പി.എസ്.സി. അംഗങ്ങള്‍ക്കും ഡല്‍ഹിയിലെ സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി കെ.വി. തോമസിനും മാത്രമല്ല ശമ്പളം കൂട്ടിയത്. ഇവര്‍ക്ക് പുറമേ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളവും വര്‍ധിപ്പിച്ചു. സ്പെഷല്‍ ഗവ. പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്‍നിന്ന് ഒന്നരലക്ഷമായും സീനിയര്‍ പ്ലീഡറുടേത് 1.10 ലക്ഷത്തില്‍നിന്ന് 1.40 ലക്ഷമായും പ്ലീഡര്‍മാരുടേത് ഒരുലക്ഷത്തില്‍നിന്ന് 1.15 ലക്ഷമായുമാണ് ഉയര്‍ത്തിയത്.
2022 ജനുവരി ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണു വര്‍ധന. 36 മാസത്തെ കുടിശിക നല്കാന് മാത്രം 8.62 കോടി രൂപ വേണ്ടിവരും. അഡ്വക്കേറ്റ് ജനറല്‍, അഡീഷണല്‍ അഡ്വ. ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് (ഡി.ജി.പി), എ.ഡി.ജി.പി, സ്റ്റേറ്റ് അറ്റോര്‍ണി എന്നിവരുടെ ശമ്പളവും പരിഷ്കരിച്ചു.
പ്രതിമാസ റീട്ടെയ്നര്‍ ഫീസ് 2.50 ലക്ഷമാക്കി. പ്രത്യേക അലവന്‍സ്- 50,000 രൂപ, സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് 60,000 രൂപ, ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ ഹാജരാകാന്‍ 15,000 രൂപ, സിംഗിള്‍ ബെഞ്ചില്‍ ഹാജരാകാന്‍ 7,500 രൂപ എന്നിങ്ങനെയാണു പുതുക്കിയ പ്രതിഫലം.
കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി. തോമസിന്റെ യാത്രാബത്ത ഉയര്‍ത്താന്‍ പൊതുഭരണ വകുപ്പിന്റെ ശിപാര്‍ശ. പി.എസ്.സി. അംഗങ്ങളുടെ ശമ്പള വര്‍ധനയ്ക്കു പിന്നാലെയാണ് ഈ ശിപാര്‍ശയും ചര്‍ച്ചകളില്‍ നിറയുന്നത്. പ്രതിവര്‍ഷത്തെ തുക 11.31 ലക്ഷം രൂപയാക്കണമെന്നാണ് ശിപാര്‍ശ. അഞ്ചു ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റില്‍ കെ.വി. തോമസിനു യാത്രാബത്തയായി അനുവദിച്ചിരുന്നത്.
കഴിഞ്ഞ 19 ചേര്‍ന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് യാത്രാബത്ത വിഷയം ഉയര്‍ന്നുവന്നത്. കഴിഞ്ഞ വര്‍ഷം 6.31 ലക്ഷം രൂപ ചെലവായതിനാല്‍ അഞ്ചു ലക്ഷം പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോടു പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോള്‍ വിഭാഗം ശിപാര്‍ശ ചെയ്യുകയായിരുന്നു. ഓണറേറിയം ഇനത്തില്‍ പ്രതിവര്‍ഷം ലക്ഷങ്ങള്‍ കെ.വി. തോമസിനു ലഭിക്കുന്നുണ്ട്.
വിവിധ ഇനങ്ങളിലുള്ള പെന്‍ഷനും അദ്ദേഹത്തിനുണ്ട്. ട്രഷറി നിയന്ത്രണത്തില്‍ ഇളവുവരുത്തി 12.50 ലക്ഷം രൂപ കെ.വി.തോമസിന് ഓണറേറിയം നല്കിയതു മുമ്പു ചര്‍ച്ചയായിരുന്നു. കെ.വി. തോമസിനെ 2023 ജനുവരിയിലായിരുന്നു ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്. അഞ്ചു ജീവനക്കാരാണ് അദ്ദേഹത്തിന്റെ പഴ്സണല്‍ സ്റ്റാഫിലുള്ളത്.
ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധിയായിരുന്ന മുന്‍ എം.പി: എ. സമ്പത്തിനു നല്കിയ ആനുകൂല്യങ്ങള്തന്നെയാണ് തനിക്കും ലഭിക്കുന്നതെന്നും യാത്രാബത്ത കാലാനുസൃതമായി കൂട്ടിയിട്ടുണ്ടാകുമെന്നും കെ.വി. തോമസ് പറഞ്ഞു.






