
റോഹ്തക്: ഹരിയാനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൊന്ന് മൃതദേഹം ട്രോളി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സോനെപത്തിലെ കഥുര സ്വദേശി ഹിമാനി നര്‍വാളാ(23)ണു കൊല്ലപ്പെട്ടത്. റോഹ്തക് -ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്‍ഡിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണു പ്രാഥമിക നിഗമനം.
കഴുത്തില്‍ മുറിവുകളുണ്ടെന്നു പോലീസ് അറിയിച്ചു. ഹരിയാന പോലീസ് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി.) രൂപീകരിച്ചു. സംസ്ഥാനത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണു സംഭവം. ഹിമാനിയുടെ ഫോണ്‍ കണ്ടെടുത്തതായും അന്വേഷണത്തില്‍ സൈബര്‍, ഫോറന്‍സിക് സംഘങ്ങളുടെ സഹായം തേടുന്നുണ്ടെന്നും സാംപ്ല ഡി.എസ്.പി: രജനീഷ് കുമാര്‍ പറഞ്ഞു. എല്‍എല്‍.ബി. വിദ്യാര്‍ഥിനി കൂടിയായ യുവതി ഹരിയാനയില്‍ തനിച്ചാണു താമസിച്ചിരുന്നത്. അമ്മയും സഹോദരനും ഡല്‍ഹിയിലാണ്.
മരിച്ച ഹിമാനി നര്‍വാള്‍ റോത്തക് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണ്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. ഭൂപീന്ദര്‍ ഹൂഡയുടെയും മകന് ദീപീന്ദര്‍ ഹൂഡയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവസാന്നിധ്യമായിരുന്നു. അതിനിടെ, മകള്‍ക്കു പാര്‍ട്ടിക്കുള്ളില്‍ ശത്രുക്കളുണ്ടായിരുന്നെന്നും കോണ്‍ഗ്രസുകാര്‍ തന്നെയാകും കൊലപാതകത്തിനു പിന്നിലെന്നും ഹിമാനി നര്‍വാളിന്റെ അമ്മ സവിത ആരോപിച്ചു. 'മകളുടെ വളര്‍ച്ചയില്‍ പാര്‍ട്ടിയില്‍ പലര്‍ക്കും അസൂയ തോന്നിയിരുന്നു.
തെരഞ്ഞെടുപ്പും പാര്‍ട്ടിയുമാണ് എന്റെ മകളുടെ ജീവനെടുത്തത്. മകള്‍ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയുടെ കുടുംബവുമായി അടുത്തബന്ധമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പവും പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇതെല്ലാം കാരണമാണ് അവള്‍ക്കു പാര്‍ട്ടിയില്‍ ശത്രുക്കളുണ്ടായത്. അവള്‍ക്ക് നീതി ലഭിക്കാതെ ഞാന്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യില്ല.'-സവിത പറഞ്ഞു. 2011 ല്‍ തന്റെ മൂത്ത മകന് കൊല്ലപ്പെട്ടിരുന്നെന്നും അതില്‍ തങ്ങള്‍ക്കു നീതി ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ വിശദമായ അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു. പ്രതികള്‍ പാര്ട്ടിയിലുള്ളവരാണോ അതോ പുറത്തുള്ളവരാണോ എന്നകാര്യം അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.






