
തിരുവനന്തപുരം: കൊല്ലത്തെ സി.പി.എം. സംസ്ഥാന സമ്മേളനം മുതിര്‍ന്ന നേതാവ് ഇ.പി. ജയരാജന്റെ രാഷ്ട്രീയ വിരമിക്കല്‍ വേദിയാകുമോ എന്ന ചര്‍ച്ച സജീവം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിരവധി രാഷ്ട്രീയ വിവാദങ്ങളാണ് ഇ.പി.യിലൂടെ പാര്‍ട്ടി നേരിടേണ്ടിവന്നത്. ആത്മകഥാ വിവാദം അടക്കം പലതും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. ബി.ജെ.പി നേതാവ് പ്രകാശ് ജാവദേകറുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരണം പോലും സി.പി.എമ്മിനു കടുത്ത പ്രതിസന്ധിയായി. ഇതെല്ലാം ഏരിയാ- -ജില്ലാ സമ്മേളനങ്ങളില്‍ ചര്‍ച്ചയായി.
ഇ.പിയ്ക്കെതിരേ കടുത്ത വിമര്‍ശനവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഇ.പിയ്ക്കു കൊല്ലം സമ്മേളനത്തില്‍ എന്തു സംഭവിക്കുമെന്ന പാര്‍ട്ടി ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും ഇ.പി.യുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുക എന്നു വ്യക്തം. 75 വയസ് എന്ന പ്രായപരിധിയുടെ പേരില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.കെ. ബാലന്, പി.കെ. ശ്രീമതി, ആനാവൂര്‍ നാഗപ്പന് എന്നിവര്‍ ഒഴിവാകും. കേന്ദ്രകമ്മിറ്റി അംഗവും മുന്‍ എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പിയ്ക്ക് പ്രായപരിധി ബാധകമാകുമോ എന്നാണു ചോദ്യം.
അദ്ദേഹത്തിന് ഈ മേയില്‍ 75 വയസാകും. എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനു ജൂണിലും. സമ്മേളനഘട്ടത്തില്‍ ഇരുവര്‍ക്കും 75 വയസ് ആകുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരേയും സംസ്ഥാന സമിതിയില്‍ നിലനിര്‍ത്തുന്നതിനു തടസ്സങ്ങളില്ലെന്നാണു വാദം. അങ്ങനെ വന്നാല്‍ 3 വര്‍ഷം കൂടി ഇവര്‍ക്ക് ഉയര്‍ന്നഘടകങ്ങളില്‍ തുടരാനാകും. പക്ഷേ, പിണറായി വിജയന്റെ നിലപാടാകും നിര്‍ണായകം. 2025ല്‍ 75 വയസാകുന്ന എല്ലാവരേയും മറ്റാന്‍ തീരുമാനം വന്നാല്‍ ഇ.പി.യും ടി.പിയും സംസ്ഥാന സമിതിയില്‍നിന്നു പുറത്താകും.
മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനു മാത്രമായി പ്രായ പരിധിയിലെ ഇളവ് സംസ്ഥാന തലത്തില്‍ തുടരും. പി.ബി. അംഗമായതു കൊണ്ടു പിണറായിയുടെ കാര്യത്തില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസാകും എടുക്കുക.






