
ആലപ്പുഴ: ആലപ്പുഴയില്‍ ദേശീയപാതയുടെ ഭാഗമായുള്ള ബൈപ്പാസ് മേല്‍പ്പാലം നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ തകര്‍ന്നു വീണു. അപകടം നടക്കുമ്പോള്‍ സ്ഥലത്ത് ആളുകളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ആലപ്പുഴ ബീച്ചില്‍ വിജയ പാര്‍ക്കിന്റെ വടക്കുവശത്ത് ഇന്നലെ രാവിലെ 11-നാണ് വലിയ ശബ്ദത്തോടുകൂടി ഗാര്‍ഡറുകള്‍ നിലം പതിച്ചത്.
എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേല്‍പ്പാലത്തിന്റെ 13, 14, 15, 16 നമ്പരുകളിലുള്ള പില്ലറുകളെ ബന്ധിപ്പിച്ചിരുന്ന നാലു കൂറ്റന്‍ ഗാര്‍ഡറുകളാണ് തകര്‍ന്നു വീണത്. ഈ സമയത്ത് താഴെയുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെടുന്നത് സി.സി. ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. നിര്‍മാണ തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡിന്റെ മുകളിലും ഗര്‍ഡര്‍ വീണു. തൊഴിലാളികള്‍ ആരും അകത്തില്ലാത്തതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. സമീപത്തുള്ള വീടുകള്‍ക്കും വിള്ളലുണ്ടായിട്ടുണ്ട്. അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും നിരവധി കുട്ടികള്‍ ഇവിടെ കളിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഈ ഗര്‍ഡറുകള്‍ സ്ഥാപിച്ചത്.
ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തില്‍ പോലീസും ദേശീയപാതാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. യാത്രക്കാര്‍ ഏറെയുള്ള ആലപ്പുഴ നഗരത്തിലെ തിരക്കേറിയ ബീച്ച് പാതയിലാണ് സംഭവം ഉണ്ടായതെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. ആലപ്പുഴ കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള ഭാഗത്താണ് നിലവിലുള്ള ബൈപ്പാസിന് സമാന്തരമായി പുതിയ മേല്‍പ്പാലം നിര്‍മിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ദേശീയപാത പ്രൊജക്ട് മാനേജര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.
കേരളത്തില്‍ ദേശീയപാതയില്‍ എല്ലായിടത്തും ഇതേ രീതിയിലാണ് പാലങ്ങള്‍ പണിയുന്നതെന്നും വിദഗ്ധ സമിതിക്കൊണ്ട് അന്വേഷണം നടത്തി രണ്ട്ുദിവസത്തിനകം മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, നിര്‍മാണത്തില്‍ ഗുരുതര വീഴ്ചയാണുണ്ടായതെന്നും മറ്റ് ഗര്‍ഡറുകളുടെ ഗുണമേന്മ അടിയന്തരമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് ഈ ഭാഗത്തു കൂടി സഞ്ചരിക്കുന്നവര്‍ ആശങ്കയിലാണ്.






