
നസ്ലെൻ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ലാഭം നേടിയ ചിത്രമാണ് പ്രേമലു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. വെറും മൂന്ന് കോടി രൂപ ബഡ്ജറ്റിലെത്തിയ ചിത്രം തിയറ്ററുകളില്‍ നിന്നും മുടക്കുമുതലിന്റെ 45 മടങ്ങാണ് തിരിച്ചു പിടിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വന്നത്.
എന്നാല്‍ ഇപ്പോഴിതാ ആ റിപ്പോർട്ടുകള്‍ കൃത്യമാണോ എന്ന് തനിക്ക് അറിയില്ലെന്നും അതില്‍ പറയുന്ന പോലെ 3 കോടി രൂപയല്ല പ്രേമലുവിന്റെ ബഡ്ജറ്റ് എന്നും ദിലീഷ് പോത്തൻ പറയുകയാണ്.
‘‘ആ സ്റ്റേറ്റ്മെന്റ് കൃത്യമാണോ എന്ന് എനിക്ക് അറിയില്ല. ഓണ്‍ലെനില്‍ പ്രേമലുവിന്റെ ബഡ്ജറ്റ് കണ്ട് ഞാനും ഞെട്ടിപ്പോയിട്ടുണ്ട്. അതൊന്നുമല്ല ബഡ്ജറ്റ്. അതില്‍ കൂടുതല്‍ കാശ് മുടക്കിയിട്ടുണ്ട്. ഞാൻ എവിടെയോ വായിച്ചു ഏറ്റവും കൂടുതല്‍ ലാഭം കിട്ടിയ പടമാണ് പ്രേമലു എന്ന്. മൂന്ന് കോടി രൂപയ്ക്ക് പടം തീർത്തുവെന്ന്. മൂന്ന് കോടി രൂപയ്ക്കൊന്നും പടം ചെയ്യാൻ പറ്റൂല്ല. നല്ല കളക്ഷൻ കിട്ടിയ പടമാണ് പ്രേമലു. പക്ഷേ ആ സ്റ്റേറ്റ്മെന്റ് കൃത്യമാണോ എന്ന് എനിക്ക് അറിയില്ല.
പ്രേമലുവിനെക്കാള്‍ വലിയ വിജയം എന്ന നിലയില്‍ ആണ് പ്രേമലു 2 വിന് വേണ്ടി ഭാവന പ്രൊഡക്ഷൻസ് ശ്രമിക്കുന്നത്. പ്രേമലുവിനെക്കാള്‍ എന്റർടെയ്ൻമെന്റ് നല്കുന്ന പടം പ്രേക്ഷകർക്ക് നല്‍കുക എന്ന ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് സാധ്യമായാല്‍ നന്നായിരിക്കും. കുറച്ചു കൂടി വലിയ ക്യാൻവാസില്‍ എത്തുന്ന ചിത്രമായിരിക്കും പ്രേമലു 2.
പക്ഷേ ആദ്യ ഭാഗത്തിന്റെ അതേ മീറ്ററില്‍ തന്നെയുള്ള, പ്രേമലുവിന്റെ ആദ്യ ഭാഗം ഇഷ്ടപ്പെട്ട അതേ പ്രേക്ഷകന് വേണ്ടിയുള്ള സിനിമ തന്നെയായിരിക്കും പ്രേമലു 2 എന്നാണ് എനിക്ക് തോന്നുന്നത്. അതിനെക്കുറിച്ച് ആധികാരികമായി പറയേണ്ടത് ഗിരീഷ് തന്നെയാണ്...’’ ദിലീഷ് പോത്തൻ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.
ഹൈദരബാദ് സിറ്റിയുടെ പശ്ചാത്തലത്തില്‍ ഒരു റൊമാന്റിക് കോമഡി ജോണറിലെത്തിയ പ്രേമലു പാൻ ഇന്ത്യൻ തലത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. സിനിമ വിജയിച്ച ശേഷമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ ഏഴാമത്തെ പ്രൊഡക്ഷൻ ചിത്രമായാണ് പ്രേമലു 2 ഒരുങ്ങുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിലെ അതേ താരനിരയും അണിയറ പ്രവർത്തകരും തന്നെയായിരിക്കും രണ്ടാം ഭാഗത്തിലുമെത്തുക. മലയാളത്തിനു പുറമെ തമിഴ്-തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്യുന്ന ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനാണ് സാധ്യത.






