
ന്യൂഡല്‍ഹി: ജോര്‍ദ്ദാനില്‍ നിന്നും ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിയേറ്റ് മരണപ്പെട്ട മലയാളി തൊഴില്‍തട്ടിപ്പിന് ഇരയായാണ് ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ജോര്‍ദ്ദാനില്‍ വെടിയേറ്റ് മരിച്ച തോമസ് ഗബ്രിയേല്‍ പെരേര അവിടെ നിന്നും ഇസ്രായേലിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുമ്പോഴാണ് ജോര്‍ദ്ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരണമടഞ്ഞത്.
ഫെബ്രുവരി 10 ന് സന്ദര്ശകവിസയിലായിരുന്നു തോമസും സഹോദരനും ജോര്‍ദ്ദാനില്‍ എത്തിയത്. പ്രതിമാസം 3,50,000 രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്യപ്പെട്ട് ഏജന്റിന് 2,10,000 രൂപ നല്‍കിയാണ് ഇവര്‍ വിസ സംഘടിപ്പിച്ചത്. ജോര്‍ദ്ദാനില്‍ എത്തിയ ഇവരില്‍ നിന്നും ഏജന്റ് 52,289 രൂപ കൂടി അധികമായി വാങ്ങിയെന്നും ബിബിസി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരി ആദ്യം അവര്‍ ജോര്‍ദാന്റെ തലസ്ഥാന നഗരമായ അമ്മാനില്‍ എത്തിയപ്പോള്‍ ജോലി ശരിയായില്ലെന്ന വിവരമാണ് ഏജന്റില്‍ നിന്നും ഇവര്‍ക്ക് കിട്ടിയത്. തുടര്‍ന്ന് ഇസ്രായേലില്‍ അനേകം തൊഴിലവസരങ്ങളുണ്ടെന്നും അനധികൃതമായിട്ടാണെങ്കിലും അവിടെ പ്രവേശിക്കാന്‍ ഇവര്‍ക്ക് ഏജന്റാണ് നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. ഫെബ്രുവരി 10 ന്, അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു.
ജോര്‍ദാന്‍ പട്ടാളക്കാര്‍ അവരെ വെടിവച്ചു. പെരേര സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോള്‍ സഹോദരന് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ പിന്നീട് നാട്ടിലേക്ക് തിരിച്ചയച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ, ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി വിവരം സ്ഥിരീകരിക്കുകയും ചെയ്തു. രണ്ടുപേരും കേരളത്തില്‍ ഓട്ടോറിക്ഷ തൊഴിലാകളികളായിരുന്നു.






