
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടു വര്‍ഷമായി ലോകക്രിക്കറ്റില്‍ മേധാവിത്വം കയ്യാളുകയാണ് ടീം ഇന്ത്യ. പ്രത്യേകിച്ച് നിയന്ത്രിത ഓവര്‍ ഫോര്‍മാറ്റുകളില്‍. ഈ കാലയളവില്‍ രോഹിത്ശര്‍മ്മയുടെ ഇന്ത്യന്‍ ടീം കളിച്ചത് ഐസിസിയുടെ മൂന്ന് പ്രധാന ടൂര്‍ണമെന്റുകളിലെ ഫൈനലുകളിലാണ്. ഇതില്‍ രണ്ടെണ്ണത്തില്‍ കിരീടം നേടി അന്താരാഷ്ട്ര ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരായി നില്‍ക്കുകയുമാണ്.
ഇന്ത്യ ആതിഥേയരായ 2023 ലെ ഐസിസി ലോകകപ്പ് മുതലാണ് ഈ അസാധാരണ പടയോട്ടം തുടങ്ങിയത്. ടൂര്‍ണമെന്റില്‍ അപരാജിതരായി തുടര്‍ച്ചയായി 10 മത്സരങ്ങളാണ് പൂര്‍ത്തീകരിച്ച് കലാശപ്പോരില്‍ തട്ടിവീണു. എന്നിരുന്നാലും തുടര്‍ച്ചയായി പത്തു മത്സരങ്ങളില്‍ ജയിച്ചത് ടീമിന്റെ സ്ഥിരതയും കരുത്തും വെളിവാക്കുന്നതായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ 11 വര്‍ഷത്തിന് ശേഷം ഐസിസിയുടെ ടി20 ടൂര്‍ണമെന്റില്‍ കിരീടം തിരിച്ചുപിടിച്ച് ഇന്ത്യ ഐസിസി കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തുകയും ചെയ്തു.
ബ്രിഡ്ജ്ടൗണിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ദക്ഷിണാഫ്രിക്കയെ മടക്കിക്കൊണ്ടായിരുന്നു ഇന്ത്യ കപ്പ് ഉയര്‍ത്തിയത്. 2007 ല്‍ എംഎസ് ധോണിയുടെ ഇന്ത്യന്‍ ടീം ആദ്യ ടി20 കിരീടം നേടിയതിന് ശേഷം രോഹിത് കൊണ്ടുവരുന്ന രണ്ടാമത്തെ കപ്പായിരുന്നു അത്. തൊട്ടു പിന്നാലെ പാകിസ്താനിലും ദുബായിലുമായി നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി 2025 ലും ഇന്ത്യ കപ്പുയര്‍ത്തി. ഒരൊറ്റ മത്സരം പോലും തോല്‍ക്കാതെ മൂന്ന് ഗ്രൂപ്പ് മത്സരവും സെമിയും ജയിച്ചായിരുന്നു ഫൈനലില്‍ ന്യൂസിലന്റിനെതിരേ വിജയിച്ചത്.
ഈ ടൂര്‍ണമെന്റില്‍ 5-0 ആയിരുന്നു ഇന്ത്യയുടെ ജയ തുടര്‍ച്ച. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐസിസി കപ്പില്‍ ഇന്ത്യ ന്യൂസിലന്റിനെ തോല്‍പ്പിക്കുന്നത്. ഈ പുതിയ വിജയത്തോടെ, ഐസിസി ടൂര്‍ണമെന്റുകളില്‍ ടീം ഇന്ത്യ അസാധാരണമായ ഒരു നേട്ടമുണ്ടാക്കി. കഴിഞ്ഞ മൂന്ന് പ്രധാന ടൂര്‍ണമെന്റുകളിലായി അവര്‍ കളിച്ചത് 25 മത്സരങ്ങളാണ്. ഇതില്‍ 23 എണ്ണത്തിലും ജയിച്ചപ്പോള്‍ ഒരു മത്സരം മാത്രമാണ് തോറ്റത്. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ ആധിപത്യ നിലവാരം വളരെ അപൂര്‍വമായി മാത്രമേ കാണാനാകൂ.





