
അലബാമയില്‍ ഒരു ആശുപത്രിയില്‍ ആറ് കിലോയോളം തൂക്കം വരുന്ന കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ഒരു യുവതി. കുഞ്ഞിന്റെ തൂക്കം അറിഞ്ഞ് പ്രസവസമയത്ത് അവിടെ ഉണ്ടായിരുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ പോലും അമ്പരന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബര്‍മിംഗ്ഹാമില്‍ നിന്നുള്ള ഡെലിവറി ഡ്രൈവറായ പമേല മെയിനാണ് ചൊവ്വാഴ്ച സിസേറിയന് വഴി മകള്‍ പാരീസ് ഹലോയ്ക്ക് ജന്മം നല്‍കിയത്.
അലബാമ ഗ്രാന്‍ഡ് വ്യൂ മെഡിക്കല്‍ സെന്ററിലാണ് പമേല കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ വരവോടെ റൂമിലുണ്ടായിരുന്ന എല്ലാവരും അത്ഭുതപ്പെട്ടുപോയി. ആ സമയത്ത് നഴ്സുമാരെല്ലാം എന്റെ ദൈവമേ എന്നാണ് പറഞ്ഞത് എന്നാണ് പമേല പറയുന്നത്. താനും അതുപോലെ തന്നെ അന്തംവിട്ടു പോയി എന്നും പമേല സമ്മതിക്കുന്നു. 13 പൗണ്ടിലധികമായിരുന്നു കുഞ്ഞിന്റെ ഭാരം.
സാധാരണയായി ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ മൂന്നുമൂന്നരക്കിലോയാണ് തൂക്കമുണ്ടാവുക. കുഞ്ഞിന്റെ ജനനത്തിന് നാല് ആഴ്ച മുമ്പ് നടത്തിയ സ്കാനില്‍ കുഞ്ഞിന്റെ ഭാരം 8 പൗണ്ട് ആയിരിക്കും എന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, തുടര്‍ന്നുള്ള വിലയിരുത്തലില്‍ കുഞ്ഞിന്റെ ഭാരം 10 പൗണ്ട് ആയിരിക്കുമെന്ന് കണ്ടെത്തി. എന്നാല്‍, രണ്ട് തവണ പറഞ്ഞ തൂക്കത്തേക്കാളും കൂടുതല്‍ ഉണ്ടായിരുന്നു കുഞ്ഞ് എന്നാണ് പമേല പറയുന്നത്.
ആശുപത്രിയിലെ നഴ്സുമാര്‍ കുഞ്ഞിനെ ഇടയ്ക്കിടെ സന്ദര്‍ശിക്കാന്‍ എത്തും ജനിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ അവള് അവിടമാകെ പ്രശസ്തയായി എന്നും പമേല പറയുന്നു. അതേസമയം, എന്തുകൊണ്ടാണ് കുഞ്ഞിന് ജനനസമയത്ത് അസാധാരണമായ ഈ തൂക്കം ഉണ്ടായത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ല എന്നാണ് പമേലയും പറയുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ 16 ദിവസം മുമ്പാണ് പമേല കുഞ്ഞിന് ജന്മം നല്‍കിയത്.






