
ലോക റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ആളുകള്‍ ഇന്ന് പല ചലഞ്ചുകളും നടത്താറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ലൈവ് സ്ട്രീമില്‍ ഏറ്റവും കൂടുതല്‍ നേരം ഉണര്‍ന്നിരുന്നതിന് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ശ്രമിച്ച ഓസ്ട്രേലിയന്‍ യൂട്യൂബര്‍ നോറമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. എന്തായാലും, 38 മണിക്കൂര്‍ നിശ്ചലമായി നിന്ന ശേഷം ഇയാള്‍ ലോക റെക്കോര്‍ഡ് നേടുക തന്നെ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവാവിന്റെ ഈ നിശ്ചലമായ നില്‍പ്പ് അപകടത്തിലേക്ക് എത്തിക്കുമെന്ന് ഭയന്ന് ആളുകള്‍ പോലീസിനെ വരെ വിളിക്കുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ഇതുപോലെ ഒരു ചലഞ്ച് ഇയാള്‍ നടത്തിയിരുന്നു. അന്ന് ഒരു ലൈവ് സ്ട്രീമിനിടെ ഏറ്റവും കൂടുതല്‍ സമയം ഉറങ്ങാതെ ഇരുന്നതിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കാനാണ് നോറം ശ്രമിച്ചത്. 264 മണിക്കൂര്‍ ഇയാള്‍ ഉണര്‍ന്നിരുന്നു. ഏറെക്കുറെ ബോധം പൂര്‍ണമായും നശിച്ച അവസ്ഥയിലായിരുന്നു അന്ന് നോറം. ലൈവ് സ്ട്രീമില്‍ തന്നെ ഇയാള്‍ക്ക് ബോധക്ഷയം വരേയും ഉണ്ടായി. കാഴ്ച്ചക്കാര്‍ ഇയാളുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചതോടെ യൂട്യൂബ് തന്നെ ലൈവ് സ്ട്രീം തടയുകയായിരുന്നു.
എന്നാല്‍, ഇത്തവണത്തെ ചലഞ്ച് ഏറെ നേരം നിശ്ചലമായി നില്ക്കുക എന്നതായിരുന്നു. റോഡരികില്‍ അനങ്ങാതെ നിന്ന നോറത്തെ ആളുകള്‍ പലതരത്തിലും ശല്ല്യപ്പെടുത്താന്‍ ശ്രമിക്കുന്നത് കാണാം. ഇയാളുടെ ദേഹത്ത് സ്പ്രേ പെയിന്റടിക്കുകയും, മീശ വരയ്ക്കുകയും, ഇയാളെ ചുംബിക്കാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ആളുകള്‍. എന്നാല്‍, ഇയാള്‍ അവിടെ നിന്നും ഒരടി പോലും ചലിക്കാന്‍ തയ്യാറായിരുന്നില്ല.
ഇയാളുടെ മണിക്കൂറുകള്‍ നീണ്ട ചലഞ്ചിന്റെ വീഡിയോ മിനിറ്റുകളിലാക്കി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതുപോലെ കഠിനമായ ചലഞ്ചുകള്‍ ഏറ്റെടുത്തു ചെയ്യുന്നതില്‍ അറിയപ്പെടുന്ന ആളാണ് യൂട്യൂബറായ നോറം.






