കേരളം കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇന്ന് വലിയ പ്രയാസങ്ങളിലൂടെ കടന്നു പോവുകയാണ്. സ്കൂള്‍, കോളജ് തലങ്ങളില്‍ മയക്കുമരുന്നിന്റെ വ്യാപനം ക്രമാതീതമായി കൂടുകയാണ്. അതോടൊപ്പം അക്രമ സ്വഭാവങ്ങളും അനുസരണക്കേടുകളും വ്യാപകമാവുന്നു. അധ്യാപക സമൂഹവും രക്ഷിതാക്കളും പൊതുസമൂഹവും ഇക്കാര്യത്തില്‍ ആശങ്കാകുലരാണ്.
എല്ലാ വ്യത്യാസങ്ങളും മറന്ന് സമൂഹം ഒറ്റക്കെട്ടായി നിന്നെങ്കില്‍ മാത്രമേ ഈ വിഷയത്തിന് കാര്യമായ പരിഹാരം ഉണ്ടാവുകയുള്ളൂ. ഓരോ വിദ്യാര്‍ഥിയും ഭാവിയുടെ വാഗ്ദാനം ആണെന്നും അവരെ നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ഉപയുക്തമായ തരത്തില്‍ മാറ്റിയെടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നുള്ള ബോധം നമുക്ക് ഉണ്ടാകണം. നമ്മുടെ കുഞ്ഞുങ്ങള്‍ അഭിമുഖീകരിക്കുന്ന ലഹരി മൂന്ന് തരത്തിലാണ്.
1.ലഹരി മരുന്ന്, 2. മൊബൈല്‍, 3.പുതിയ ഭക്ഷ്യ സംസ്കാരം. ഇവയില്‍ നിന്നും എങ്ങനെ നമ്മുടെ കുട്ടികളെ സ്വതന്ത്രരാക്കാം. കുറച്ചു നിര്‍ദ്ദേശങ്ങള്‍ താഴെ കുറിക്കുന്നു.
സ്വന്തമായി മൊബൈല്‍ ഉള്ള 17 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ നിന്നും രക്ഷിതാക്കള്‍ മൊബൈല്‍ തിരികെ വാങ്ങിക്കാന്‍ കര്‍ശന തീരുമാനമെടുക്കുക. പഠനസംബന്ധമായോ സാമൂഹിക മാധ്യമ അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കോ രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ മൊബൈല്‍ ഉപയോഗിക്കുവാന്‍ ഉള്ള അവസരം കൊടുക്കുക. കുട്ടികളുടെ അടുത്ത കൂട്ടുകാരെ രക്ഷിതാക്കള്‍ അടുത്ത് അറിയുക. രക്ഷിതാക്കള്‍ ഉള്‍പ്പെടെ പരസ്പരം അവരുടെ വീടുകള്‍ സന്ദര്‍ശിക്കുക. എല്ലാദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടികളുമായി ആശയവിനിമയം നടത്തുക.
വളരെ ചെറുപ്പകാലം മുതല്‍ അവരുടെ ബാഗ് ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങളും ഉപയോഗിക്കുന്ന വസ്തുക്കളും നിരീക്ഷിക്കുക, ശ്രദ്ധിക്കുക. അപരിചിതര്‍, കൂട്ടുകാര്‍ ഇവര്‍ നല്കുന്ന വിശ്വാസമല്ലാത്ത ഭക്ഷണസാധനങ്ങള്‍ സ്നേഹത്തോടെ നിരസിക്കാന്‍ വളരെ ചെറുപ്പകാലം മുതലേ കുട്ടികളെ ശീലിപ്പിക്കുക. വളരെ ചെറുപ്പകാലം മുതല്‍ കുട്ടികളെ സാമ്പത്തിക അച്ചടക്കം പഠിപ്പിച്ച തുടങ്ങുക. അതോടൊപ്പം മിതവ്യയവും ശിലിപ്പിക്കുക.
അതിനായി എല്ലാ മാസവും കുട്ടികളെ കൊണ്ടു തന്നെ കുടുംബ ബജറ്റ് തയ്യാറാക്കുക. അത്യാവശ്യം കാര്യങ്ങള്‍ക്ക് മാത്രം സാമ്പത്തികം ചെലവഴിക്കുക. വീട്ടിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അറിഞ്ഞു തന്നെ അവരെ വളര്‍ത്തുക.അയല്പക്കത്തോ സമൂഹത്തിലോ ഉള്ള ജയ പരാജയങ്ങള്‍ നേരിട്ട വ്യക്തികളുമായി സംവദിക്കുവാന്‍ സമയം കൊടുക്കുക. വളരെ ചെറുപ്പം മുതലേ കുട്ടികളില്‍ കാര്‍ഷിക അഭിരുചി വളര്‍ത്തിയെടുക്കുക.
വളരെ ചെറുപ്പം മുതലേ കുട്ടികളെ കൊണ്ട് മിണ്ടാപ്രാണികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കുടിവെള്ളം ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ നല്‍കുന്നത് പരിശീലിപ്പിക്കുക. ഇതിലൂടെ സഹജീവി സ്നേഹവും, ദയയും കരുണയും ഒക്കെയുള്ള വ്യക്തിത്വങ്ങള്‍ ആയി കുട്ടികള്‍ വളരും.
എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ രണ്ടു മണിക്കൂര്‍ സമയം എല്ലാവിധ സ്ക്രീനുകളും വീടുകളില്‍ ഒഴിവാക്കുക. കുട്ടികള്‍ കാണ്‍കെ രക്ഷിതാക്കള്‍ കൂടുതല്‍ സമയം മൊബൈല്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുന്നതിന് രക്ഷിതാക്കളും വായിക്കുക.
എല്ലാ ദിവസവും വൈകുന്നേരം എങ്കിലും ഊണു മേശക്ക് ചുറ്റിനും ഇരിക്കുമ്പോള്‍ അവരവരുടെ അന്നത്തെ വിശേഷങ്ങള്‍, വിഷമങ്ങള്‍ സന്തോഷങ്ങള്‍ പ്രയാസങ്ങള്‍ എല്ലാം പങ്കു വയ്ക്കുക. ഇതിലൂടെ ഒരു നല്ല കുടുംബ ബന്ധം ഉണ്ടാകും. വളരെ ചെറുപ്പം മുതലേ വീടുകളിലെ ചെറിയ ജോലികള്‍ അവരെക്കൊണ്ട് ചെയ്യിക്കുക. പത്തു വയസ്സിനുള്ളില്‍തന്നെ കുട്ടികള്‍ കഴിക്കുന്ന പാത്രങ്ങളും അണിയുന്ന വസ്ത്രങ്ങളും സ്വയം കഴുകുവാന്‍ പരിശീലിപ്പിക്കുക. ഓരോ കുട്ടിയെയും വളരെ ചെറുപ്പത്തിലെ നിര്‍ബന്ധമായും ഏതെങ്കിലും ഒരു കഴിവ് കണ്ടെത്തി പരിശീലിപ്പിക്കുക പ്രോത്സാഹിപ്പിക്കുക.
മാസത്തിലൊരിക്കലെങ്കിലും കുട്ടികളെ കൊണ്ട് മനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകാം.( വീടിനടുത്തുള്ള കൃഷി സ്ഥലവും ആകാം). കുട്ടികളുടെ ക്ലാസ് പി.ടി.എകളില്‍ നിര്‍ബന്ധമായും രക്ഷിതാക്കള്‍ പങ്കെടുക്കുക. ഈ കാലഘട്ടത്തില്‍ രക്ഷിതാക്കളും അധ്യാപകരും കുട്ടിയും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടെങ്കില്‍ മാത്രമേ നല്ല വിദ്യാഭ്യാസം ശാശ്വതമാകു. അധ്യാപകരുമായി നിരന്തര സമ്പര്‍ക്കം ഉണ്ടാവുക.
കുട്ടികളുടെ തെറ്റുകുറ്റങ്ങള്‍ അധ്യാപകര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് അംഗീകരിക്കാനും പരിഹരിക്കാനും ഉള്ള നടപടികള്‍ കൈക്കൊള്ളുക. അവരോടൊപ്പം ചേര്ന്നുനില്ക്കുക. അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ മുന്നില്‍ വച്ച് വെറ്റില മുറുക്കും മൂക്കില്‍പ്പൊടി ഉള്‍പ്പെടെയുള്ള പരസ്യ മദ്യപാനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കുക. എല്ലാ സ്കൂളുകളിലും സി.സി. ടിവി ക്യാമറ നിര്‍ബന്ധമാക്കുക.
ആഴ്ചയിലൊരിക്കലെങ്കിലും കുട്ടികളുടെ ബാഗ് പരിശോധിക്കുവാന്‍ അധ്യാപകരെ അനുവദിക്കുക. കുട്ടികളുടെ ഭാഗത്തുനിന്നും നിരന്തരമായ കൃത്യവിലോപങ്ങള്‍ കണ്ടാല്‍ രക്ഷിതാവിനെ അറിയിക്കുന്നതോടൊപ്പം ചെറിയ ശിക്ഷണങ്ങള്‍ കൂടി കൊടുക്കുവാനുള്ള അവകാശം അധ്യാപകര്‍ക്ക് നല്‍കുക. പിന്നീട് ആ കുട്ടികളെ കുറ്റക്കാരായി കാണാതെ ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുക. പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍ മാസത്തില്‍ രണ്ടുതവണയില്‍ കൂടുതല്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക. അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ വീട്ടില്‍ തന്നെ തയ്യാറാക്കി കൊടുക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
ലഹരിയുടെ ഉപയോഗവും വ്യാപനവും തടയുന്നതിനായി എല്ലാ ജനസമൂഹവും വാര്‍ഡ് തലങ്ങളിലുള്ള ജാഗ്രത സമിതി പ്രാവര്‍ത്തികമാക്കുന്നതോടൊപ്പം നിരന്തരമായ ബോധവല്‍ക്കരണവും കൂടി നടത്തുക.ഇക്കാര്യത്തില്‍ കുറ്റക്കാരായിട്ടുള്ള വ്യക്തികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുക. എല്ലാ സ്കൂളുകളിലും കൗണ്‍സലര്‍മാരെ നിയോഗിക്കണം. പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രശ്നപരിഹാരം സാധ്യമാക്കണം.
ക്ലാസ് തലത്തില്‍ എല്ലാ രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നടത്തണം. (എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണം). പാഠ്യപാഠ്യേതര വിഷയങ്ങളില്‍
കുട്ടിയുടെ ജയപരാജയങ്ങള്‍ സമചിത്തതയോടെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയണം. ഒരു അധ്യാപകനോ, ഒരു രക്ഷിതാവോ തീരുമാനിച്ചാല്‍ ഒരു കുട്ടിയെ നശിപ്പിക്കാനും നന്നാക്കാനും കഴിയും.
രാത്രികാലങ്ങളിലും അസമയങ്ങളിലും കുട്ടികള്‍ കളിസ്ഥലങ്ങളില്‍ പോകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. മയക്കുമരുന്ന് വിപണനത്തിലോ റാഗിങ്ങിലോ മറ്റ് ക്രിമിനല്‍ കേസുകളിലോ തെളിവ് സഹിതം പിടിക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രസ്തുത വിവരം റിമാര്‍ക്കായി സൂചിപ്പിക്കുകയും തുടര്‍ വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുന്നതിനൊപ്പം സ്വദേശത്തോ വിദേശത്തോ ജോലിയില്‍ കയറുവാനുള്ള അനുവാദം നിഷേധിക്കുന്ന തരത്തിലുള്ള സൂചനകള്‍ നല്‍കണം.
സ്കൂള്‍, കോളജ് സ്ഥലങ്ങള്‍ ഉള്‍പ്പെടെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അരങ്ങേറുന്ന തല്ലുമാല എന്ന പ്രതിഭാസം നിയമംമൂലം നിരോധിക്കുക. സ്കൂള്‍, കോളജ് തലങ്ങളിലെയും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സെന്‍ഡ്ഓഫ് ആഘോഷങ്ങള്‍ ലളിത വല്ക്കരിക്കുന്നതോടൊപ്പം അത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ സംഘടിപ്പിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പോകുന്ന പഠന- വിനോദ യാത്രകളില്‍ ആശുപത്രികളും അനാഥയലയങ്ങളും കൂടി ഉള്‍പ്പെടുത്തുക.
എല്‍ സുഗതന്
(ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസ്. അധ്യാപകനായ ലേഖകന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകനും പരിശീലകനുമാണ്. ഫോണ്‍: 9496241070.)





