കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍ ലഹരി ഉപയോഗത്തിന്റെ വര്‍ധനയും തുടര്‍ന്നുണ്ടാവുന്ന അസഹിഷ്ണുതയും വെറുപ്പും പകയും അക്രമങ്ങളും ദുരന്തങ്ങളും ഒക്കെയാണല്ലോ. ഇതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നതില് ലഹരി മരുന്നുകളുടെ ലഭ്യതയും സിനിമയും സാമൂഹിക മാധ്യമങ്ങളും മലീമസമായ രാഷ്ര്ടീയവും നിയമവാഴ്ചയുടെ അപര്യാപ്തതയും ഒക്കെയാണ് മുഖ്യം.
പുറത്തുവരുന്ന സംഭവങ്ങള്‍ യഥാര്‍ഥ വിപത്തെന്ന വലിയ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. സാമൂഹികമായ ഏത് പ്രതിസന്ധികളെയും ഫലപ്രദമായി നേരിടുന്നതിന് ശാസ്ത്രീയമായ പഠനങ്ങള്‍ അനിവാര്യമാണ്. ലഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ കാരണങ്ങള്‍, സ്രോതസ്, വിപണന രീതികള്‍, ദൂഷ്യഫലങ്ങള്‍ എന്നിവയെ കുറിച്ച് സത്യസന്ധവും വസ്തുനിഷ്ഠവുമായ ശാസ്ത്രീയ പഠനങ്ങള്‍ നടത്താന്‍ ഇടപാടുകളുടെ രഹസ്യ സ്വഭാവം വലിയ വിലങ്ങു തടിയാവുന്നുണ്ട്. എന്നാല്‍, ലഹരി ഉപയോഗം കൊണ്ട് ഉണ്ടാവുന്ന വികല മനസ്സും അക്രമങ്ങളും ആപത്തുകളും, ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന നില കടന്ന് പോയി കഴിഞ്ഞു. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ലഹരി ഉപയോഗത്തിന്റെ വര്‍ധനയ്ക്ക് ആരോപിക്കപ്പെട്ട കാരണങ്ങള്‍ക്ക് പുറമേ കൂടുതല്‍ വേരുകളുണ്ടോ? നമുക്ക് ഒന്ന് പരിശോധിക്കാം. മനുഷ്യശിശുക്കള്ക്ക് മറ്റ് ജന്തു വര്‍ഗ്ഗത്തെ അപേക്ഷിച്ചുള്ള വലിയ പരിമിതി, കുറേകാലം പരസഹായം ഇല്ലാതെ അതിജീവനം സാധ്യമല്ല എന്നുള്ളതാണല്ലൊ? അണുകുടുംബങ്ങളുടെ വ്യാപനവും അതിദാരിദ്ര്യത്തില്‍ നിന്നുള്ള മോചനവും, നമ്മള് അനുഭവിച്ച ദുരിതങ്ങള്‍ മക്കള്‍ക്കുണ്ടാവരുത് എന്ന ലളിതമായ മോഹങ്ങളും, അമിത സ്നേഹം സാര്‍വത്രികമാകാന്‍ സഹായിച്ചിട്ടുണ്ടാവാം. ഇപ്പോള്‍ അതിലാളന 25 വയസ്സും കടന്നു നില്ക്കുന്നു. സ്നേഹമെന്ന പേരില്‍ നല്കുന്ന അമിതലാളന കുഞ്ഞുങ്ങള്‍ക്ക് വലിയ ദ്രോഹമായിത്തീരുന്നു. അധ്വാനത്തിന്റെ മൂല്യം അന്യമാകുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ സാധിക്കണമെന്നും അതിന് ശാഠ്യം മതിയെന്നും ധരിക്കുന്നു. പ്രായം കൂടുന്നത് അനുസരിച്ച്, ജനിക്കുന്ന നിരാശയില്‍ നിന്ന് ലഹരിയിലേക്ക് വലിയ ദൂരമില്ല. വിദ്യാഭ്യാസത്തിന്റെ അത്യന്തിക ലക്ഷ്യം ചെറിയ ജീവിതം ആനന്ദപ്രദമായ ഒരു അനുഭവമാക്കി തീര്‍ക്കാന്‍ ആവശ്യമായ അറിവ് തേടല്‍ ആവേണ്ടതാണ്. ഇടശ്ശേരിയുടെ പള്ളിക്കൂടത്തിലേക്ക് വീണ്ടും എന്ന കവിതയില്‍ രണ്ടു വരികള്‍ ഇങ്ങനെയാണ്.
'എന്‍ കുഞ്ഞേ ജീവിതം ഈ യുഗത്തില്‍
സങ്കീര്ണ്ണമല്ലോ കുറച്ചുകൂടി
നീ എന്തായി തീരണമമ്മുകുളം
നിന്നിലെ തന്നെ വിരിഞ്ഞിടട്ടെ'
ഓരോ കുട്ടിയും തനിമയുള്ളവരാണെന്നു തിരിച്ചറിഞ്ഞ് ഓരോരുത്തരുടെയും അഭിരുചികള്‍ക്ക് അനുയോജ്യമായ ജീവിതമാര്‍ഗം കണ്ടെത്തല്‍ കൂടി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാവേണ്ടതാണ്.എന്നാല്‍, വിദ്യാഭ്യാസം വിവേകത്തില്‍ കലാശിക്കുന്നില്ല. ജീവിതവുമായി വലിയ ബന്ധം ഒന്നുമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടിവരുന്നു.
ചെറുപ്പം മുതലേ നാം കുട്ടികളുടെ മനസ്സില്‍ വേരുപിടിപ്പിക്കുന്ന താരതമ്യത്തിലൂടെയുള്ള മത്സരബുദ്ധി ചെന്നെത്തുന്നത് ജീവിതം മത്സരിച്ച് വിജയിക്കാനും പരാജയപ്പെടുത്താനും ഉള്ളതാണ് എന്നാണ്. ഈ തോന്നല്‍ അനാരോഗ്യകരമായ വിദ്വേഷത്തിലേക്കും അവനവന് കഴിവില്ലാത്തവനാണെന്ന അവമതിയിലേക്കുമാണ് നയിക്കുക. അവനവനെ അവഗണിക്കുന്നവന്റെ ഒക്കചെങ്ങാതിയാണ് ലഹരി. വിദ്യാഭ്യാസത്തിന് ഒരു സമൂല പരിവര്‍ത്തനം അത്യാവശ്യമല്ലേ? സമൂഹത്തിന് ആവശ്യമില്ലാത്ത ഒരു തൊഴിലും നിലനില്‍ക്കില്ല. ആ നിലയ്ക്ക് ഏതു തൊഴിലുകളാണ് കേമം എന്നും മോശം എന്നും വേര്‍തിരിക്കാന്‍ കഴിയുക? തൊഴിലുകള്‍ ജാതിയുമായി ബന്ധിപ്പിക്കുക, അതിന് ഉച്ചനീചത്വം കല്‍പ്പിക്കുക എന്നത് പൂര്‍ണമായും ഔചിത്യവുമില്ലാത്ത അസംബന്ധമാണ്.
വിദേശത്ത് പോയി എന്തുജോലിയും ചെയ്യാന്‍ സന്നദ്ധരായ കുട്ടികള്‍ക്ക് അവര്‍ പിറന്ന നാട്ടില്‍ അതിനു കഴിയുന്നില്ല. ആരേയും ആശ്രയിക്കാതെ ചെറിയ ജോലികള്‍ ചെയ്ത് വരുമാനമുണ്ടാക്കി താല്പര്യമുള്ള മേഖലകളില്‍ കൂടുതല്‍ പഠിക്കാനുള്ള കുട്ടികളുടെ സാധ്യതയാണ് നാം അടച്ചു കളയുന്നത്. ആത്മാഭിമാനത്തോടെ അന്തസ്സായി ജീവിക്കാനുള്ള വഴിയടയ്ക്കുന്നത് കുട്ടികളെ ലഹരിയിലേക്ക് നയിക്കാം കുഞ്ഞുങ്ങളെ പച്ച ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തി വളര്‍ത്തുന്നതിന് നമ്മള് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുന്നുണ്ടോ?
കാര്യമത്ര നിസ്സാരമല്ല, പ്രശ്നം ഗുരുതരമാണുതാനും. വസ്തുതകളുടെ പിന്‍ബലത്തില്‍ ശാസ്ത്രീയമായ
അപഗ്രഥനത്തിലൂടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് വിദ്യാര്‍ഥികളെയും യുവജനങ്ങളെയും മോചിപ്പിക്കാന്‍ ഉള്ള ഉത്തരവാദിത്വം എല്ലാവരുടേതുമാണ്. വൈകുംതോറും വിപത്തിന്റെ വലിപ്പം വര്‍ദ്ധിക്കും.
നാരായണന് കാരനാട്ട്
( ലേഖകന്റെ ഫോണ്‍: 9496293883)





