
ഹിസ്ബുള്ളയുമായി ബന്ധമുള്ള വ്യക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ലെബനീസ് ഡോക്ടറെ അമേരിക്ക നാടുകടത്തി. റോഡ് ഐലന്‍ഡിലെ ഡോക്ടറും ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ സ്കൂളിലെ അസിസ്റ്റന്റ് പ്രൊഫസറുമായ റാഷ അലവീഹിനെയാണ് കഴിഞ്ഞയാഴ്ച അമേരിക്ക സംശയത്തിന്റെ പേരില്‍ പുറത്താക്കിയത്. ഇവരുടെ ഫോണില്‍ നിന്നും കി്ട്ടിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഹിസ്ബുള്ളയുടെ മുന്‍ ദീര്‍ഘകാല നേതാവായിരുന്ന ഹസ്സന് നസ്രല്ലയുടെയും മറ്റ് തീവ്രവാദികളുടെയും 'അനുഭാവപൂര്‍ണ്ണമായ ഫോട്ടോകളും വീഡിയോകളും' അവരുടെ ഫോണിന്റെ ഡിലീറ്റഡ് ഇനങ്ങളുടെ ഫോള്‍ഡറില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ ഉദ്ധരിച്ചു. ഷിയ മുസ്ലീം എന്ന നിലയില്‍ 'മതപരമായ വീക്ഷണകോണില്‍' അവര്‍ പിന്തുണച്ച നസ്രല്ലയുടെ കഴിഞ്ഞ മാസം നടന്ന ശവസംസ്കാര ചടങ്ങില്‍ താന്‍ പങ്കെടുത്തതായി അലവീഹ് ഏജന്റുമാരോട് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
നാടുകടത്തലിനെത്തുടര്‍ന്ന്, 'ബൈ-ബൈ റാഷ' എന്ന് എഴുതിയ എക്സിലെ ഒരു പോസ്റ്റ് വൈറ്റ് ഹൗസ് പങ്കിട്ടു, ഡ്രൈവ്-ത്രൂ വിന്‍ഡോയില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് കൈവീശുന്നതിന്റെ ചിത്രവും കൂട്ടത്തിലുണ്ട്. എച്ച്-1ബി വിസ കൈവശമുള്ള 34 കാരിയായ ലെബനന് പൗരയായ അലവീഹിനെ വ്യാഴാഴ്ച ബോസ്റ്റണിലെ ലോഗന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച ലെബനനിലെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്തു. നിയമപരമായ പരാതി പ്രകാരം അവരെ കുറഞ്ഞത് 36 മണിക്കൂറെങ്കിലും തടഞ്ഞുവച്ചിരുന്നു.






