
മാന്നാര്‍: ചുട്ടു പൊള്ളുന്ന വേനലില്‍ മനം കുളിര്‍പ്പിക്കുന്ന തണ്ണിമത്തന് സ്വന്തമായി കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തതിന്റെ സന്തോഷത്തിലാണ്വീയപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ, വിഷവര്‍ശേരിക്കര പട്ടരുമഠത്തില്‍ ബാലകൃഷ്ണനും ഭാര്യ ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെംബര്‍ ശാന്തിനി ബാലകൃഷ്ണനും.
തണ്ണിമത്തന് കൂടാതെ പയര്‍, പടവലം, ചീര, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളും ഇവരുടെ കൃഷിയിടത്തിലുണ്ട്. ഇവരുടെ ബന്ധുവും കുടുംബ സുഹൃത്തുമായ വിഷവര്‍ശേരിക്കര പുത്തേത്ത് ലാലുവാണ് കൃഷിക്ക് വേണ്ട സഹായങ്ങള്‍ നല്കി വരുന്നത്. സുഹൃത്ത് വാന്യത്ത് തെക്കേതില്‍ ഉണ്ണികൃഷ്ണന്റെ 80 സെന്റുള്‍പ്പെടെ ഒരേക്കറോളം സ്ഥലത്താണ് ഇവരുടെ ജൈവകൃഷി. ഒപ്പം നാലേക്കര്‍ പാടത്ത് നെല്‍കൃഷിയും. പരമ്പരാഗത നെല്‍ കര്‍ഷകനായ ബാലകൃഷ്ണന് കഴിഞ്ഞ വര്‍ഷം മുതലാണ് തണ്ണിമത്തന് ഉള്‍പ്പെടെയുള്ള മറ്റ് കൃഷികളിലേക്ക് തിരിഞ്ഞത്.
മാവേലിക്കര ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി വഴി ഓണ്‍ലൈനായി വാങ്ങിയ കിരണ്‍ തണ്ണിമത്തന് വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. തണ്ണിമത്തന് കൃഷിക്ക് ഏറെ സഹായകരമായത് മാന്നാര്‍ കൃഷിഭവന്റെ നിര്‍ദ്ദേശപ്രകാരമുള്ള കൃത്യത കൃഷി സമ്പ്രദായമാണ്. സവിഷേഷമായ കൃഷി രീതി കൃഷിഭവന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെയാണ് നടപ്പാക്കിയത്. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ പി.സി ഹരികുമാര്‍ , കൃഷി അസിസ്റ്റന്റ്മാരായ ശ്രീകുമാര്‍, ദേവിക, ഗ്രാമപഞ്ചായത്തംഗം കെ.സി പുഷ്പലത, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജ്യോതി.ജെ എന്നിവര്‍ പങ്കെടുത്തു.
2018ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായിട്ടുള്ള ബാലകൃഷ്ണന് ഡ്യൂട്ടി സമയം കഴിഞ്ഞാല്‍ കൃഷിയിടത്തിലായിരിക്കും കൂടുതല്‍ സമയവും. ചെങ്ങന്നൂര്‍ വി.എച്ച്.എസ്.ഇയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ദേവീ കൃഷ്ണ മകളാണ്.






