മധുര: തമിഴകത്തിന്റെ ആരവത്തിന് ആവണിയാപുരത്ത് ഇന്ന് അരങ്ങുണരും. തമിഴിന്റെ മതമാണ് ജല്ലിക്കെട്ട്് ആ മതത്തിനായി അവര്‍ എല്ലാം മറന്ന് പോരാടി, നിയമം പൊളിച്ചെഴുതിയ ജല്ലിക്കെട്ടിനെ പ്രക്ഷോഭത്തിലൂടെ തമിഴ് ജനത തിരിച്ചു പിടിച്ചു. തമിഴ്നാടിനെ കേന്ദ്ര ബിന്ദുവിലേക്ക് പ്രതിഷ്ഠിച്ച ജല്ലിക്കെട്ട് മത്സരം ഇന്ന് ആവണിയാപുരത്ത് അരങ്ങേറും.
2,500 യുവാക്കളും 916 കാളകളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.മധുരയുടെ പല സ്ഥലങ്ങളിലും ഇന്നലെ മത്സരത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകളും, കാളകളുടെ ആരോഗ്യ പരിശോധനകളും നടത്തി. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി വൈദ്യ പരിശോധനയും നടത്തിയിട്ടുണ്ട്. 1287 യുവാക്കള്‍ ഇതുവരെ കായികക്ഷമത പരിശോധനയില്‍ യോഗ്യത കൈവരിച്ചതായി സര്‍ക്കാര്‍ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചിട്ടുണ്ട്.
പ്രക്ഷോഭങ്ങള്‍ക്ക് ശേഷം നടത്തപ്പെടുന്ന മത്സരത്തില്‍ യുവാക്കളെ ആകര്‍ഷിക്കുന്ന സമ്മാനങ്ങളാണ് സംഘാടകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും മികച്ച പ്രകടത്തിന് മൂന്നരലക്ഷം വില വരുന്ന കാര്‍ ആണ് കാത്തിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും ബാക്കിയുള്ളവരെ കാത്തിരിക്കുന്നുണ്ട്.
മധുര ജില്ലാ കളക്ടര്‍ കെ വീര രാഘവ റാവുവിന്റെ നിരീക്ഷണത്തിലാണ് മത്സരം നടത്തപ്പെടുന്നത്. 15 വൈദ്യ സംഘം, 13 മെഡിക്കല്‍ യൂണിറ്റ്, ആംബുലന്‍സുകള്‍, ഫയര്‍ഫോഴ്സുകള്‍, മൃഗ ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ എത്തുമെന്നാണ് സൂചന. സംസ്ഥാനമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം, പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.






