
ചെന്നൈ: രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമായി തുടരുന്ന തമിഴ്നാട്ടില്‍ ശശികലയെ കൂടുതല്‍ കുരുക്കി ഗുരുതര ആരോപണവുമായി പനീര്‍ശെല്‍വം ക്യാമ്പ്. തങ്ങളെ നാലു വെള്ളപ്പേപ്പറുകളില്‍ ഒപ്പുകള്‍ ഇടുവിച്ചെന്നും പനീര്‍സെല്‍വത്തെ പാര്‍ട്ടി നേതൃത്വത്തില്‍ എത്താതെ തടയാനുള്ള പദ്ധതികള്‍ സൃഷ്ടിച്ചെന്നുമുള്ള ആരോപണവുമായി എഐഎഡിഎംകെ എംഎല്‍എമാര്‍ രംഗത്ത്. 130 എംഎല്‍എ മാരുടെ പിന്തുണയെന്ന ശശികലയുടെ അവകാശവാദം പൊളിച്ച് എംഎല്‍എമാരില്‍ 30 പേര് എതിര് ക്യാമ്പിലേക്ക് നീങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് ശശികല എംഎല്‍എ മാരെക്കൊണ്ടു നിര്‍ബ്ബന്ധിപ്പിച്ച് ഒപ്പ് ഇടുവിക്കുകയായിരുന്നെന്നാണ് ആരോപണം. ഞായറാഴ്ച വിളിച്ചു ചേര്‍ത്ത പാര്‍ട്ടിയോഗത്തില്‍ ശശികല എംഎല്‍എമാരുടെ ഒപ്പുകള്‍ സാധാരണ വെള്ളക്കടലാസില്‍ ശേഖരിച്ചു. യോഗത്തിന്റെ അജണ്ഡ പോലും ആര്‍ക്കും ഈ യോഗത്തില്‍ അറിയില്ലായിരുന്നെന്നും പറയുന്നു. ഭരണഘടനാപരമായ ചില പ്രശ്നങ്ങള്‍ എന്ന് കാണിച്ചാണ് എല്ലാവരേയും വിളിച്ചു വരുത്തിയത്. ഈ യോഗത്തില്‍ ഒ പനീര്‍ശെല്‍വം നാടകീയമായി രാജി വെയ്ക്കുകയാണെന്ന് പറയുകയും ചെയ്തതായി എഐഎഡിഎംകെ എംഎല്‍എ മാണിക്കന് പറയുന്നു. താന്‍ ഉള്‍പ്പെടെയുള്ള എംഎല്‍എ മാരില്‍ നിന്നും നാലു വെള്ളക്കടലാസുകളിലായിട്ടാണ് ശശികല ഒപ്പുകള്‍ ശേഖരിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് നല്കിയ പട്ടികയിലെ ഒപ്പുകള്‍ വ്യാജമാണെന്നുള്ള ആരോപണമാണ് ഏറ്റവും പുതിയതായി ശശികല നേരിടുന്നത്. ആരോപണത്തെ തുടര്‍ന്ന് ഒപ്പുകളുടെ നിജസ്ഥിതി വിദഗ്ദ്ധന്മാരുടെയും ഇരു പാര്‍ട്ടി നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് ഗവര്‍ണര്‍.
സ്പീക്കറുടെയും മുതിര്‍ന്ന നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ വിദഗ്ദ്ധസമിതിയാണ് ഒപ്പുകള്‍ പരിശോധിക്കുക. തനിക്ക് മുഖമന്ത്രിയാകാന് ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പ്രഖ്യാപിച്ച ശശികലയ്ക്കെതിരേ ക്യാമ്പില്‍ നിന്നും എംഎല്‍എ മാര്‍ ചോരുകയാണെന്നും തങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് 30 എംഎല്‍എമാര്‍ രംഗത്ത് വന്നിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
ഡിസംബര്‍ 5 ന് ജയലളിത ചെന്നൈ ഹോസ്പിറ്റലില്‍ മരണമടഞ്ഞതിന് പിന്നാലെ നടന്ന യോഗത്തില്‍ പനീര്‍ശെല്‍വത്തെ താല്‍ക്കാലിക മുഖ്യമന്ത്രിയായി പാര്‍ട്ടി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പാര്ട്ടിനേതൃ സ്ഥാനത്തേക്ക് പനീര്‍ശെല്‍വം മത്സരിക്കുന്നത് തടയാനുള്ള സകല നീക്കങ്ങളും ശശികല അന്നു നടത്തുകയും ചെയ്തിരുന്നതായി എംഎല്‍എമാര്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ശശികല മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് മറീനാബീച്ചില്‍ ജയലളിത സ്മാരകത്തില്‍ ധ്യാനം നടത്തിയതിന് പിന്നാലെ തന്നെ നിര്‍ബ്ബന്ധിപ്പിച്ച് രാജി വെയ്പ്പിച്ചെന്ന ആരോപണവുമായി പനീര്‍ശെല്‍വം എത്തിയതും തിരിച്ചടിച്ചു തുടങ്ങിയതും.






