
പെരുന്ന: പെരുന്നയിലെ മന്നം സമാധി സന്ദര്‍ശിക്കുന്നതിന് ആര്‍ക്കും യാതൊരുവിധ വിലക്കുകളുമില്ലെന്നും സുരേഷ്‌ഗോപിയുടെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ന്യൂഡല്‍ഹിയില്‍ നടന്ന മന്നം സ്മൃതി മണ്ഡപം ഉദ്ഘാടന ചടങ്ങിനിടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉന്നയിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ഈ വിഷയത്തില്‍ പരസ്യമായ ഒരു തര്‍ക്കത്തിന് സംഘടന മുതിരുന്നില്ല. പക്ഷേ സുരേഷ്‌ഗോപിയുടേയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റേയും പ്രസ്താവനകള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അവ മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
സുരേഷ് ഗോപി പെരുന്നയില്‍ എത്തിയപ്പോള്‍ ബജറ്റ് യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതാണ് തടഞ്ഞത്. അല്ലാതെ സമാധിയില്‍ ദര്‍ശനം നടത്തുന്നതിനോ പുഷ്പാര്‍ച്ചന നടത്തുന്നതിനോ തടസ്സമുണ്ടായിരുന്നില്ല. അന്നുതന്നെ അദ്ദേഹം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നതായും ജി. സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. മന്നം സമാധിയെ അതീവ വിശുദ്ധിയോടെയാണ് എന്‍.എസ്.എസ് കാണുന്നത്. അവിടെ പ്രവേശിക്കുന്നതിന് ചില പ്രോട്ടോക്കോളുകള്‍ ഉണ്ട്. അത് പാലിക്കണമെന്ന് പറയുന്നതിനെയാണ് ഇപ്പോള്‍ വിവാദമാക്കുന്നത്.
ഡല്‍ഹി ദ്വാരകയില്‍ എന്‍.എസ്.എസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍മിച്ച മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു എന്‍.എസ്.എസ് നേതൃത്വത്തിനെതിരെ ഉപരാഷ്ട്രപതി വിമര്‍ശനം ഉന്നയിച്ചത്. മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടമാണെന്നും, ഇന്നയാള്‍ വരണമെന്നോ വരരുതെന്നോ പറയാന്‍ ജനറല്‍ സെക്രട്ടറിക്ക് അവകാശമില്ലെന്നുമായിരുന്നു സി.പി. രാധാകൃഷ്ണന്റെ പരാമര്‍ശം.






