കോയമ്പത്തൂര്‍: യുവാക്കള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് ശേഷം നടക്കുന്ന ഏറ്റവും പ്രസിദ്ധമായ മധുര അളങ്കാനല്ലൂരില്‍ നടന്ന ജല്ലിക്കെട്ട് ഉത്സവത്തില്‍ എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇരുപത്തഞ്ചോളം പേരെ മധുര ഗവ. ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
മൃഗസ്നേഹികളുടെ സംഘടനയായ പെറ്റാ നല്കിയ പരാതിയില്‍ കോടതി ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ജല്ലിക്കെട്ട് നടക്കാത്തതിനാല്‍ ഇത്തവണ ഇതു കാണുന്നതിനായി നിരവധിയാളുകളാണ് എത്തിയത്.
വെള്ളിയാഴ്ച രാവിലെ എട്ടോടെ ജില്ല കലക്ടര്‍ വീരരാഘവ റാവുവിന്റെ നേതൃത്വത്തില്‍ കോവില്‍ കാളയെ മൈതാനത്തേക്ക് വിട്ടതോടെയാണ് മത്സരങ്ങള്‍ക്ക്് തുടക്കം കുറിച്ചത്. ഇതില്‍ 980 കാളകളും 1,464 വീരന്മാരും പങ്കെടുത്തു.
ഓരോ മണിക്കൂറിലും 150 വീരന്മാര് അടങ്ങുന്ന ടീമിനെ കളത്തിലിറക്കി. വമ്പന്‍ സമ്മാനങ്ങളാണ് ഇവര്ക്കായൊരുക്കിയിരിക്കുന്നത്. ടീവി മുതല്‍ കാറും ബുള്ളറ്റും ബൈക്കുകളും സ്വര്‍ണ-വെള്ളിനാണയങ്ങളും വരെയാണ് സമ്മാനത്തില്‍ പെടുന്നു. ഒരു കോടിയിലേറെ രൂപയുടെ സമ്മാനങ്ങളാണ് വിതരണം നടത്തുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ജല്ലിക്കെട്ടാണിത്.






