ചെന്നൈ: തമിഴകത്തിന്റെ പുതിയ തലൈവിയുടെ സത്യപ്രതിജ്ഞ ചടങ്ങിനായി അണിഞ്ഞൊരുങ്ങിയ വധുവായി മദ്രാസ് സര്‍വകലാശാലയുടെ ഓഡിറ്റോറിയം. എന്നാല്‍ വിവാഹം മാത്രം നടന്നില്ല. വധു തനിച്ചായി. ആടയും ആഭരണങ്ങളും അഴിച്ചു. ഇനി ആര്‍ക്കു വേണ്ടി ഞാന്‍ ഇവയെല്ലാം വീണ്ടും ഉടുത്തൊരുങ്ങണം. തമിഴ് നാടിന്റെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിനായി ആവേശപൂര്‍വ്വം ഒരുങ്ങിയ മദ്രാസ് സര്‍വകലാശാലയുടെ ഓഡിറ്റോറിയത്തിന്റെ പരിഭവമാണിത്.
തമിഴകം അത്രയ്ക്ക് ഉറപ്പിച്ചിരുന്നു ചിന്നമ്മയുടെ സത്യപ്രതിജ്ഞ. ആളും ആരവുമായിരുന്ന ഇവിടം പെട്ടെന്നാണ് വിജനമായത്. അറ്റകൂറ്റപ്പണികളും മറ്റ് ക്രമീകരണങ്ങളും നിര്‍ത്തി. പരിസരത്ത് ഏര്‍പ്പെടുത്തിയ സുരക്ഷയും പിന്‍വലിച്ചു.
കഴിഞ്ഞയാഴ്ച ശശികലയെ അണ്ണാഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി ഒരുക്കം തുടങ്ങിയത്. എന്നിരിക്കെ ഇന്നലെ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഒരുക്കങ്ങള്‍ പെട്ടെന്ന് അവസാനിപ്പിച്ചത്.






