
ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ഫ്രാഞ്ചെസി രാജസ്ഥാന് റോയല്‍സിന്റെ മുഖ്യപരിശീലകസ്ഥാനം ഒഴിഞ്ഞ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. ടീമിന്റെ മറ്റൊരു നിര്‍ണായകസ്ഥാനം വാഗ്ദാനം ചെയ്ത് ദ്രാവിഡിനെ പിടിച്ചുനിര്‍ത്താന്‍ റോയല്‍സ് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ്ടീം മുന്‍ പരിശീലകന് കൂടിയായ ദ്രാവിഡ് വഴങ്ങിയില്ല. പുതിയ ദൗത്യങ്ങളൊന്നും ഏറ്റെടുക്കുന്നില്ലെന്ന മറുപടിയാണ് രാജസ്ഥാന് മുന്‍താരംകൂടിയായ ദ്രാവിഡ് നല്‍കിയത്.
സാമൂഹികമാധ്യമങ്ങളിലൂടെ രാജസ്ഥാന് റോയല്‍സ് തന്നെയാണ് വഴിപിരിയല്‍ വിവരം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. മലയാളി താരവും ക്യാപ്റ്റനുമായ സഞ്ജു സാംസണ് അടുത്ത സീസണില്‍ പുതിയ ലാവണം തേടുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് അപ്രതീക്ഷിതമായി ദ്രാവിഡിന്റെ കളമൊഴിയല്‍ വാര്‍ത്ത പുറത്തുവന്നത്.
ഐ.പി.എലില്‍ രാജസ്ഥാന് റോയല്‍സിന്റെ നേട്ടങ്ങളില്‍ നിര്‍ണായക ചാലകശക്തിയായിരുന്ന ദ്രാവിഡിന് ടീം മാനേജ്മെന്റ് സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പില്‍ നന്ദി പ്രകാശിപ്പിച്ചു. റോയല്‍സിന്റെ ഐ.പി.എല്‍. യാത്രയില്‍ വര്‍ഷങ്ങളായി ദ്രാവിഡ് ഒപ്പമുണ്ട്. പരിചയസമ്പന്നര്‍ക്കൊപ്പം പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. മൂല്യബോധമുള്ള താരങ്ങളെ സൃഷ്ടിച്ച് ടീമിനെ കെട്ടിപ്പടുക്കുന്നതിലും ക്രിക്കറ്റ് സംസ്കാരത്തില്‍ മായാമുദ്ര ചാര്‍ത്തുന്നതിലും ദ്രാവിഡിന്റെ പങ്ക് വിവരണാതീതമാണ്. ടീമിനു നല്കിയ സേവനത്തിന് താരങ്ങളും ആരാധകരും മാനേജ്മെന്റും എന്നും കടപ്പെട്ടിരിക്കുന്നു- കുറിപ്പില്‍ രാജസ്ഥാന് റോയല്‍സ് വ്യക്തമാക്കി.
റോയല്‍ ചലഞ്ചേഴ്സ് ബംഗളുരു വിട്ട് 2011-ലാണ് കളിക്കാരനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന് റോയല്‍സിലെത്തുന്നത്. 2012, 2013 സീസണുകളില്‍ ടീമിന്റെ നായകനായിരുന്നു ദ്രാവിഡ്. ഐ.പി.എലില്‍നിന്നു വിരമിച്ച ശേഷം 2014, 2015 സീസണുകളില്‍ മെന്ററും ടീം ഡയറക്ടറുമായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനെന്ന ഉത്തരവാദിത്തം നിറവേറ്റിയശേഷം കഴിഞ്ഞ ഐ.പി.എല്‍. സീസണില്‍ ദ്രാവിഡ് വീണ്ടും റോയല്‍സിലേക്കു തിരികെയെത്തി. പക്ഷേ, മുഖ്യപരിശീലകക്കുപ്പായത്തില് കയ്പേറിയ സീസണാണ് കടന്നുപോയത്. ആകെ കളിച്ച 10 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ടീമിനു ജയിക്കാനായത്. അടുത്തവര്‍ഷത്തെ സീസണിനു മുമ്പേ രാജസ്ഥാന് വിടാന്‍ ദ്രാവിഡിനെ പ്രേരിപ്പിച്ചത് ഇതാണെന്നു കരുതുന്നു.
2008-ല്‍ ഐ.പി.എല്‍. ഉദ്ഘാടന സീസണില്‍ ജേതാവായ രാജസ്ഥാന് റോയല്‍സിന് പിന്നീട് ഇതുവരെ കിരീടത്തില്‍ മുത്തമിടാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ല. 2022-ല്‍ ഫൈനലില്‍ കടന്നെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോടു തോറ്റ് റണ്ണറപ്പായി. നിലവില്‍ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് ടീം ഡയറക്ടര്‍. മുന്‍ ഇന്ത്യന്‍ താരം വിക്രം റാഥോഡ് ബാറ്റിങ് കോച്ചും ന്യൂസിലന്‍ഡ് മുന്‍താരം ഷെയ്ന് ബോണ്ട് ബൗളിങ് കോച്ചുമായി സേവനം അനുഷ്ഠിക്കുന്നു.
ദ്രാവിഡ് റോയല്‍സിന്റെ പടിയിറങ്ങിയതോടെ കഴിഞ്ഞ സീസണിനുശേഷം മുഖ്യപരിശീലകര് സ്ഥാനമൊഴിഞ്ഞ ഐ.പി.എല്‍. ടീമുകളുടെ എണ്ണം രണ്ടായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മുഖ്യപരിശീലകനില്ലാത്ത മറ്റൊരു ടീം. ചന്ദ്രകാന്ത് പണ്ഡിറ്റാണ് കൊല്‍ക്കത്തയുടെ ഹെഡ്കോച്ച് സ്ഥാനത്തുനിന്ന് വിടപറഞ്ഞത്.






