ന്യൂഡല്‍ഹി: തമിഴ്നാട് രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം തുടരവെ ശശികല പ്രതിയായ അനധികൃത സ്വത്ത് കേസില്‍ സുപ്രീം കോടതി നാളെ വിധി പറഞ്ഞേക്കില്ല. ശശികല ഉള്‍പ്പെട്ട കേസ് നാളെ പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സുപ്രീം കോടതി ഉള്‍പ്പെടുത്തിയിട്ടില്ല. ജസ്റ്റിസ് പി.സി ഗോഷ് ജസ്റ്റിസ് അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഈയാഴ്ച വിധി പറയുമെന്ന് കഴിഞ്ഞ ആഴ്ച സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
അനധികൃത സ്വത്ത് കേസില്‍ വിധി വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ശശികലയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാതിരിക്കുന്നത്. കേസിന്റെ വിധി ശശികലയ്ക്ക് എതിരായാല്‍ അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് വരും. മുഖ്യമന്ത്രിയായ ശേഷം പ്രതികൂല വിധിയുണ്ടായാല്‍ അവര്‍ അയോഗ്യയാക്കപ്പെടുകയും ചെയ്യും. അന്തരിച്ച ജയലളിത കൂടി പ്രതിയായിരുന്ന കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
അതിനിടെ കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണയുള്ളവര്‍ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്കാന് ഗവര്‍ണറോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇരുവിഭാഗങ്ങളുടെയും പോരില്‍ പക്ഷം പിടിക്കേണ്ടന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.





