
മാരാമണ്‍: മാരാമണ്‍ കണ്‍വെന്‍ഷനിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കേണ്ടതില്ലെന്ന് മാര്‍ത്തോമ്മാ സഭാ മേലധ്യക്ഷന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രോപ്പോലീത്ത.
കണ്‍വെന്‍ഷനിലെ നാലു യോഗങ്ങളില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പങ്കെടുക്കാനാകുമെന്നും രാത്രിയോഗങ്ങള്ക്കെതിരേ പ്രതികരിക്കുന്നവര്‍ മാധ്യമങ്ങളില്‍ ചിത്രവും പേരും വരണമെന്ന് കൊതിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
സുവിശേഷക സംഘത്തിന്റെ മാനേജിംഗ് കമ്മറ്റിയോഗത്തില്‍ സ്ത്രീ പ്രവേശം സംബന്ധിച്ച് ഒരു കൂട്ടര് പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി എത്തിയത്. ഒരു ചെറിയകൂട്ടം മാത്രം നടത്തുന്ന ഇത്തരം ദുഷ്പ്രചരണങ്ങള്‍ പുളിമാവ് പിണ്ഡത്തെ പുളിപ്പിക്കുന്നത് പോലെ കണ്‍വെന്‍ഷന്റെ സാംസ്ക്കാരിക ധന്യതയെ ഇല്ലാതാക്കുന്നതാക്കാന് ശ്രമിക്കുന്നെന്നും പറഞ്ഞു.
സുവിശേഷ പ്രസംഗ സംഘം എന്ന അംഗീകൃത പ്രസ്ഥാനമാണ് മാരാമണ്‍ കണ്വെന്ഷന് നടത്തുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ പ്രസ്ഥാനങ്ങളിലെ കമ്മറ്റികള്‍ക്ക് കഴിയില്ല. ഇതൊന്നും അറിയാതെയാണ് ചിലര്‍ കമ്മറ്റിയില്‍ പ്രമേയം അവതരിപ്പിക്കുന്നതെന്നും പറഞ്ഞു.
ഇതിനൊപ്പം മാരാമാന് മണല്‍പ്പുറം അനധികൃതമായി കയ്യേറിയെന്ന വാര്‍ത്തയെയും അദ്ദേഹം വിമര്‍ശിച്ചു. കോഴഞ്ചേരി പാലം മുതല്‍ ക്ഷേത്രം വരെയുള്ള മണല്‍പ്പുറം കരം കൊടുത്ത് ആര്‍ജ്ജിച്ചതാണെന്നും കരം കുടിശ്ശിക ഇല്ലാത്ത വസ്തുവാണിതെന്നും പറഞ്ഞു. സഭ ആര്‍ജ്ജിച്ച ഇടമായതിനാല്‍ മണല്‍പ്പുറത്ത് കൂടി പൈപ്പ്ലൈന് വലിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് സഭയുടെ അനുമതി വാങ്ങിയിരുന്നെന്നും പറഞ്ഞു.






