
യാത്രകളെ ഏറെ ഇഷ്ടപെടുന്നവരാണ് മിക്കയാളുകളും. ഏറെ വേഗത്തില്‍ യാത്ര ചെയ്ത ഒരു പെണ്‍കുട്ടിയുടെ കഥയാണിത്. ഒന്നര വര്‍ഷം കൊണ്ട് ഈ പെണ്‍കുട്ടി കണ്ടുതീര്‍ത്തത് രാജ്യങ്ങളുടെ പട്ടിക കേട്ടാല്‍ എല്ലാവരും ഞെട്ടും. 196 രാജ്യങ്ങള്‍.! അമേരിക്കന്‍ സഞ്ചാരിയായ കസാന്‍ഡ്ര ഡി പെകോളാണ് ഇത്തരത്തില്‍ രാജ്യങ്ങള്‍ കറങ്ങി റെക്കോര്‍ഡിട്ടത്. കൃത്യമായി പറഞ്ഞാല്‍ 18 മാസവും 26 ദിവസവുമാണ് യാത്രക്കായി ചെലവിട്ടത്.
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് തന്നെയായിരുന്നു കസാന്‍ഡ്രയുടെ പ്രയാണം. 1,98,000 ഡോളറാണ് ചെലവ് വന്നിരിക്കുന്നത്. ഏകദേശം 1.3 കോടിയോളം രൂപവരും. 2015 ജൂലൈയിലാണ് കസാന്‍ഡ്രയുടെ യാത്ര ആരംഭിച്ചത്. ടൂറിസം നിലനില്ക്കട്ടെ എന്ന് മുദ്രാവാക്യവുമായാണ് അവര്‍ പോകുന്നത്.
1986ല്‍ സ്ഥാപിച്ച അന്താരാഷ്ട്ര സമാധാന പ്രസ്ഥാനം ഈ വര്‍ഷത്തെ സമാധാനവര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. ഇൗ സംഘടനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് 27കാരിയായ യുവതി. ടൂറിസത്തിലൂടെ സമാധനം എന്നതാണ് യാത്രയുടെ മുദ്രാവാക്യം.
ഇന്ത്യയിലും നിരവധി സ്ഥലങ്ങള്‍ ഇവര്‍ കണ്ടുതീര്‍ത്തിരുന്നു. ബെംഗലൂരുവില്‍ നിന്നും ശ്രീലങ്കയിലേക്ക് യാത്ര ചെയ്തതും ഇവര്‍ ഓര്‍ക്കുന്നു. അന്നത്തെ ലക്ഷ്യം വെറും രണ്ട് മരങ്ങള്‍ നടുക എന്നത് മാത്രമാണ്. അങ്ങിനെ 50 രാജ്യങ്ങളിലായി അവര്‍ നട്ടത് 500ലധികം മരതൈകളും. ഏകദേശം 255 തവണയാണ് ഇവര്‍ പറന്നുയര്‍ന്നത്.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല 23ാം വയസ്സ് മുതല്‍ യാത്രക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ് കസാന്‍ഡ്ര. അതിനായി പണം കണ്ടെത്തുന്നതിനാണ് ഇത്രയധികം സമയമെടുത്തത്. കുട്ടികളെ നോക്കുന്ന ആയയുടെ ജോലി ചെയ്ത് മാത്രം ഇവര്‍ സമ്പാദിച്ചത് 10,000 ഡോളറുകള്‍.
യാത്രകളില്‍ നിരവധി പ്രശ്നങ്ങളും ഇവര്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അതില്‍ മിക്കതും രാഷ്ട്രീയ കലാപങ്ങളും ഭീകരപ്രശ്നങ്ങളും തന്നെയാണ്. ആഭ്യന്തര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സിറിയ, തുര്ക്ക്മെനിസ്താന് അടക്കമുള്ള അടക്കമുള്ള ചില രാജ്യങ്ങളിലേക്ക് വിസ അനുവദിച്ച് കിട്ടാനും ഏറെ പാടുപെട്ടതായി അവര്‍ പറഞ്ഞു. ഇതിന് പുറമെ വിസയുടെ പണത്തിനും ചിലയിടങ്ങളില്‍ ബുദ്ധിമുട്ടി.
കസാന്‍ഡ്ര തന്റെ പ്രയാണത്തിന്റെ കഥകള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍. ഇതിന് പുറമെ ആറു ഭൂകണ്ഡങ്ങളിലായി 196 രാജ്യങ്ങള്‍ സഞ്ചരിച്ച ശേഷം മിച്ചമുള്ള ആഗ്രഹം അന്റാര്‍ട്ടിക്കയില്‍ പോകണമെന്നാണ്.