ന്യുഡല്‍ഹി: അനധികൃത സ്വത്ത് കേസില്‍ എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്ക്കെതിരായ വിധി നാളെ പറയും. നാളെ പത്തരയ്ക്ക് കോടതി വിധ പറയും. നാളെ പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ അനധികൃത സ്വത്ത് കേസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസുമാരായ പിനാകി ചന്ദഘോഷ്, അമിതാവ് റോയി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. കഴിഞ്ഞ ജൂണിലാണ് കേസിന്റെ വിധി ഫെബ്രുവരിയിലേക്ക് മാറ്റിയത്.
കേസില്‍ തിങ്കളാഴ്ച വിധി പറയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്നത്തെ കേസുകളുടെ ലിസ്റ്റില്‍ അനധികൃത സ്വത്ത് കേസ് ഉള്‍പ്പെടുത്തിയിരുന്നില്ല. ജസ്റ്റിസ് അമിതാവ് റോയ് ഇന്ന് കോടതിയില്‍ എത്തിയിരുന്നില്ല. ഇത് കേസിന്റെ അന്തിമ വിധി തയ്യാറാക്കുന്നതിനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത സ്വത്ത് കേസില്‍ വിധി വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് ശശികലയെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി ഗവര്‍ണര്‍ ക്ഷണിക്കാതിരിക്കുന്നത്. അതിനാല്‍ ശശികലയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് നിര്‍ണ്ണായകമാണ് അനധികൃത സ്വത്ത് കേസ്.
ജയലളിത കൂടി പ്രതിയായിരുന്ന കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് സുപ്രീം കോടതി നാളെ വിധി പറയുന്നത്. ശശികലയ്ക്ക് പുറമെ, ഇളരവശി, സുധാകരന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.





