
തലശേരി: സിനിമാ സമരത്തിന് പിന്നാലെ പുതിയ സംഘടന പണി കൊടുത്തതോടെ ലിബര്‍ട്ടി ബഷീറിന് തീയറ്ററുകള്‍ അടച്ചുപൂട്ടേണ്ടി വരുന്നു. തലശേരി എ.വി.കെ. നായര്‍ റോഡ്, മഞ്ഞോടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീയറ്ററുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തീയറ്ററുകള്‍ അടച്ചുപൂട്ടുന്നതോടെ വര്‍ഷങ്ങളായി തിയേറ്ററുകളില്ജോലി ചെയ്തിരുന്ന അമ്പതോളം തൊഴിലാളികളും അവരുടെ കുടുംബവും പട്ടിണിയിലാകുകുയും ചെയ്യും.
തലശേരിയില്‍ ആദ്യ എയര്‍കണ്ടീഷന്‍ തീയറ്റര്‍ സ്ഥാപിച്ചത് ലിബര്‍ട്ടി ബഷീറായിരുന്നു. തലശേരി മഞ്ഞോടിയില്‍ ലിബര്‍ട്ടി ബഷീര്‍ സ്ഥാപിച്ച ആധുനിക തീയറ്ററില്‍ കുര്‍ബാനി എന്ന സിനിമയായിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഫിറോസ് ഖാന് നായകനായ കുര്‍ബാനി, ഷോെലെ സിനിമയോളം ഉത്തരേന്ത്യയിലും കേരളത്തിലും ശ്രദ്ധേയമായ സിനിമയായിരുന്നു. തലശേരിയില്‍ സിനിമാ തീയറ്ററുകളെ ആധുനിക വത്കരിക്കാന്‍ പ്രേരിപ്പിച്ചത് ലിബര്‍ട്ടി ബഷീര്‍ തലശേരിയില്‍ തീയറ്ററുകള്‍ ആരംഭിച്ചതോടെയാണ്.
എ.വി.കെ.നായര്‍ റോഡിലുള്ള ലിബര്‍ട്ടി പാരെഡെസ് കോംപ്ലക്സ് കൂടി അടച്ചുപൂട്ടുന്നതോടെ തലശേരിയില്‍ ഉടമകളുടെ നിയന്ത്രണത്തിലുള്ള തീയറ്ററുകള്‍ ഇല്ലാതായി. നേരത്തെ നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രഭ, ലോട്ടസ്, മുകുന്ദ് എന്നീ തീയറ്ററുകളും നഗരപരിധിയിലുള്ള പങ്കജ്, തീയറ്ററും, നഗരപരിധിക്ക് പുറത്തുള്ള ധര്‍മ്മടത്തെ ധര്‍മ്മാ മൂവീസ്, ചിറക്കുനിയിലെ പത്മ എന്നീ തീയറ്ററുകളും അടച്ചുപൂട്ടിയിരുന്നു. പരിസരത്തുള്ള മാഹി, ചൊ€ി എന്നിവിടങ്ങളിലും സിനിമ തീയറ്ററുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.
കഴിഞ്ഞ ഒരുമാസക്കാലത്തോളം കേരള സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന് നേതൃത്വം നല്‍കിയതോടെ ലിബര്‍ട്ടി ബഷീറിന് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. എക്സിബിറ്റേഴ്സ് ഫെഡറേഷന് സര്‍ക്കാറിന് മുമ്പാകെ ഉന്നയിച്ച ആവശ്യങ്ങള്‍ സമരം പിന്‍വലിച്ചാല്‍ മാത്രമേ ചര്ച്ചചെയ്യൂവെന്ന മുഖ്യമന്ത്രിയുടെ കടുത്ത തീരുമാനം വന്നതോടെ സമരം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ നിന്നും അംഗങ്ങള്‍ കൊഴിഞ്ഞുപോകുകയും ബദല്‍ സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇത്തരമൊരു നീക്കത്തെ പ്രതിരോധിക്കുന്നതില്‍ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് പരാജയപ്പെട്ടതോടെയാണ് സമരം പിന്‍വലിക്കാന്‍ ഫെഡറേഷന് തീരുമാനിച്ചത്. സമരത്തിനുശേഷം റിലീസ് ചെയ്ത പടങ്ങള്‍ ലിബര്‍ട്ടി ബഷീറിന്റെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനു ലഭിച്ചില്ല.






