
ചെന്നൈ: ജനപ്രതിനിധികളെയെല്ലാം ഇരുമ്പുമറയ്ക്ക് കീഴിലാക്കി ശശികലയും പിടിച്ചു വെച്ചിരിക്കുന്ന എംഎല്‍എമാരെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പനീര്‍ശെല്‍വവും പരസ്പരം പോരടിക്കുന്നതിനിടയില്‍ കൂവത്തൂരിലെ ഗോള്ഡന്ബേ റിസോര്‍ട്ടിലേക്ക് നീളുന്ന ഈസ്റ്റകോസ്റ്റ് റോഡിലെ ഒരു കിലോമീറ്റര്‍ നീളത്തില്‍ നിറയെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തിരക്കാണ്. ഞായറാഴ്ച മുതല്‍ റിസോര്‍ട്ടിലേക്ക് ഒരു ഈച്ചയെപോലും കടത്തിവിടാതെ കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ് ഇവര്‍.
ഇവരുടെ സുരക്ഷാവലയം ഭേദിക്കാനും എംഎല്‍എമാരുമായി സംസാരിക്കാനും വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ അനേകം ശ്രമങ്ങള്‍ നടത്തിനോക്കിയെങ്കിലും എല്ലാം പരാജയപ്പെട്ടതോടെയാണ് പോലീസ് തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്. സുരക്ഷ ഒരുക്കിയിട്ടുള്ളത് തങ്ങള്‍ അല്ലെന്നും എല്ലാം എംഎല്‍എമാര്‍ സ്വകാര്യമായി ഏര്‍പ്പെടുത്തിയതാണെന്നും പോലീസ് പറഞ്ഞു. അതുപോലെ തന്നെ ഗോള്‍ഡന്‍ ബേ സ്വകാര്യ റിസോര്‍ട്ട് ആണെന്നും മാധ്യമങ്ങളെ അകത്തേക്ക് അയയ്ക്കരുതെന്ന് കര്‍ശന നിര്‍ദേശം കിട്ടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
എംഎല്‍എമാരെ കാണാന്‍ ശ്രമം തുടരുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകരെ സുരക്ഷാ ഭടന്മാര് കൈകാര്യം ചെയ്യുകയുമുണ്ടായി. ഇതേ തുടര്‍ന്ന് കയ്യേറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍മാരും നാട്ടുകാരും റോഡ് ഉപരോധിച്ച് സമരം നടത്തി. ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും പിന്നാലെ ശശികല വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഒടുവില്‍ റിസോര്‍ട്ടില്‍ കയറാന്‍ മാധ്യമങ്ങളെ അനുവദിച്ചെങ്കിലും ആര്‍ക്കും എംഎല്‍എ മാരുടെ ചിത്രം പകര്‍ത്താനോ അവരുമായി സംസാരിക്കാനോ അവസരം കിട്ടിയില്ല. ഓരോ എംഎല്‍എമാര്‍ക്കുമൊപ്പം നൂറുകണക്കിന് പാര്‍ട്ടി അണികളും ഉണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എംഎല്‍എമാര്‍ക്ക് അടുത്തേക്ക് എത്താതിരിക്കാന്‍ മനുഷ്യഭിത്തി തീര്‍ത്തായിരുന്നു അണികള്‍ എംഎല്‍എ മാരെ കൊണ്ടുപോയത്.
മറുവശത്ത് ഞായറാഴ്ചത്തെ വെളിപ്പെടുത്തലോടെ പനീര്‍ശെല്‍വത്തിന് അപ്രതീക്ഷിതമായി താരപദവി തേടി വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുശട ഗ്രീന്‍വേയ്സ് റോഡിലെ തെന്പെനൈ വീട്ടും പരിസരം കാര്‍ണിവല്‍ പോലെയായി. എഐഎഡിഎംകെ കൊടിക്ക് കീഴില്‍ അണികള്‍ പാട്ടും നൃത്തവും തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിയുമാണ്. ഞായറാഴ്ചയ്ക്ക് ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമേ അനേകരാണ് അദ്ദേഹത്തെ കാണാന്‍ എത്തുന്നത്. മുഖ്യമന്ത്രിയുടെ വസതി കാണുന്നതിന് പുറമേ പനീര്‍ശെല്‍വത്തെ കാണാനും അദ്ദേഹത്തിന് കൈകൊടുക്കാനും പറ്റുമെങ്കില്‍ ഒരു സെല്‍ഫിയെടുക്കാനും തിരക്കാണ്.
ഏഴ് ദിവസമായി ഇവിടെ കടുത്ത തിരക്കാണ്. സെല്‍ഫി എടുക്കുന്നതില്‍ നിന്നും സന്ദര്‍ശകരെ തടയാനുള്ള ശ്രമങ്ങള്‍ പലപ്പോഴും വിജയിക്കുന്നില്ല. അതേസമയം സന്ദര്‍ശകരുടെ കാറുകള്‍ക്ക് പുറമേ അവരുടെ പേരുവിവരങ്ങളും ഫോണ്‍നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങളെല്ലാം പോലീസ് അപ്പപ്പോള്‍ രേഖപ്പെടുത്തുന്നുണ്ട്. എംജിആറിന്റെ പാട്ടുകളും പനീര്‍ശെല്‍വത്തെക്കുറിച്ച് ജയലളിത നടത്തുന്ന പരാമര്‍ശങ്ങളും പനീര്‍ശെല്‍വത്തിന്റെ ഐടി വിഭാഗം ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നു. ആരാധകരുടെ ഒഴുക്ക് പ്രതീക്ഷിച്ച് തന്നെ പരിസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കയറി നില്ക്കാന് പന്തലുകള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍, വിവിധ തരത്തിലുള്ള ഭക്ഷണം വെള്ളം എന്നിവയെല്ലാം കരുതിയിട്ടുണ്ട്. തന്നെ കാണാന്‍ വരുന്നവര്‍ വിശന്നും ദാഹിച്ചും പോകരുതെന്നാണ് പനീര്‍ശെല്‍വത്തിന്റെ നിര്‍ബ്ബന്ധം.






