
ന്യൂകാമ്പ്: പല തവണ ചാമ്പ്യന്ന്മാരായെങ്കിലും അടുത്തകാലത്തൊന്നും ഇതുപോലൊരു പണി ലോകത്തെ ഏറ്റവും സൂപ്പര്‍ ഫുട്ബോള്‍ ക്ളബ്ബെന്ന് ഖ്യാതിയുള്ള ബാഴ്സിലോണയ്ക്ക് കിട്ടിയിട്ടില്ല. യുവേഫാ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരത്തില്‍ അവര്‍ ഫ്രഞ്ച് ക്ളബ്ബ് പാരീസ് സെന്റ് ജെര്മിയനോട് 4-0 ന് ആദ്യപാദത്തില്‍ വീണു. മെസിയും സുവാരസും നെയ്മറും ഉള്‍പ്പെട്ട ടീമാണ് എട്ടു നിലയില്‍ പൊട്ടിയത്.
എയ്ഞ്ചല്‍ ഡി മരിയ സെന്റ്ജര്മെയ്ന്റെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച മത്സരത്തില്‍ ഡി മരിയ രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ജെര്‍മ്മന്റെ ഗോളടിവീരന് എഡിസന് കവാനിയും ഡ്രാക്സ്ലറും ഓരോഗോളുകള്‍ വീതമടിച്ചു ടീമിന്റെ വിജയത്തില്‍ പങ്കാളികളായി. ബാഴ്സയുടെ വിഖ്യാത സഖ്യമായ എംഎസ്എന്നിനേക്കാള് പാരീസിന്റെ മദ്ധ്യനിരയില്‍ ഡി മരിയ-ഡ്രാക്സലര്‍ സഖ്യം ആധിപത്യം കാട്ടിയപ്പോള്‍ വിജയം അവരുടെ പാതയിലായി.
1994 ല്‍ എസി മിലാനോടും 2013 ല്‍ ബയേണിനോടും കിട്ടിയ അതേ വിധിയായിരുന്നു ഇന്നലെ ബാഴ്സയെ തേടി വന്നത്. പതിനെട്ടാം മിനിറ്റില്‍ ഡി മരിയയാണ് ബാഴ്സയ്ക്ക് മേല്‍ ആദ്യം ആണിയടിച്ചത്. ഫ്രീകിക്കില്‍ നിന്നും സുന്ദരമായ ഗോള്‍. തൊട്ടുപിന്നാലെ ഡ്രാക്സലര്‍ 40 ാം മിനിറ്റിലും ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ രണ്ടുഗോള്‍ ലീഡുമായി അവര്‍ കളംവിട്ടു. രണ്ടാം പകുതിയിലും തുടങ്ങിവെച്ചത് ഡി മരിയയായിരുന്നു. 55 ാം മിനിറ്റില്‍ ഗോള്‍. പിന്നാലെ കവാനി പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തതോടെ ബാഴ്സ വന്‍ കുഴിയില്‍ തന്നെ പതിച്ചു. രണ്ടാം പാദത്തില്‍ വന്‍ വിജയം നേടിയാലേ ബാഴ്സയ്ക്ക് തിരിച്ചുവരവ് സാധ്യമാകൂ എന്നതാണ് ഇപ്പോഴത്തെ നില.
ഇതോടെ ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ സ്വപ്നം ബാഴ്സയ്ക്ക് കൈവിടാമെന്നായി. ബാഴ്സിലോണയ്ക്കെതിരേ നാലു ഗോള്‍ ജയം ചാമ്പ്യന്സ്ലീഗില് നേടുന്ന ആറാമത്തെ ടീമായി പിഎസ്ജി മാറി. നേരത്തേ മിലാന്, ഡൈനാമോ കീവ്, വലന്‍സിയ, ബയേണ്‍ മ്യൂണിക്, ചെല്‍സി എന്നിവയാണ് മറ്റ് ടീമുകള്‍. ഈ സീസണില്‍ മെസിയുടെ ദേശീയടീം പങ്കാളിയായ ഡി മരിയ നേടിയ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ നാലായി.




