
മലയാളത്തിന്റെ പ്രീയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം കമല്‍ 'ആമി' ആക്കുന്നു എന്ന വാര്‍ത്തകള്‍ വന്നതോടെ ആരാധകര്‍ ആവേശത്തിലായിരുന്നു. ആമിയാകാന്‍ വിദ്യയും വന്നതോടെ ആരാധകരുടെ പ്രതീക്ഷകള്‍ ഏറി. എന്നാല്‍ കമലിനേയും ആരാധകരെയും ഒരു പോലെ വിഷമത്തിലാക്കിയാണ് ഷൂട്ടിങ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിദ്യ പിന്മാറിയെന്ന വാര്‍ത്തകള്‍ വന്നത്. ഇപ്പോള്‍ തന്റെ ആമിക്കായി കമല്‍ കണ്ടെത്തിയിരിക്കുന്നത് മഞ്ജു വാര്യരെ ആണ്. പക്ഷേ വിദ്യയുടെ പിന്മാറ്റം തന്നെയേറെ വേദനിപ്പിച്ചുവെന്ന് കമല്‍ പറയുന്നു.
സ്ക്രിപ്റ്റ് കേട്ടതോടെ വിദ്യ സമ്മതിച്ചു. ചിത്രത്തിലെ സംഭാഷണങ്ങളെല്ലാം അവര്‍ പഠിച്ചു. ഷൂട്ടിങിന് അഞ്ചു ദിവസം മുന്‍പാണ് അഭിനയിക്കാന്‍ തനിക്കാകില്ലെന്ന് വിദ്യ പറഞ്ഞത്. സിനിമ ജീവിതത്തില്‍ ഇത് ആദ്യത്തെ സംഭവമാണ്. കാരണം എന്താണെന്ന് അവര്‍ പറഞ്ഞിട്ടില്ല. പക്ഷേ രാഷ്ട്രീയ പരമായ കാരണങ്ങള്‍ കൊണ്ടല്ലാ. മതം മാറ്റമടക്കം ജീവിതത്തില്‍ വിവാദമായ പല തീരുമാനങ്ങളുമെടുത്ത മാധവിക്കുട്ടിയുടെ ചിത്രത്തിനെതിരെ വിവാദങ്ങളും ആക്രമണങ്ങളുമുണ്ടായേക്കാമെന്ന് വിദ്യ ഭയന്നിരിക്കണം. ഹിന്ദിയില്‍ ഇത്തരത്തില്‍ പല ആക്രമണങ്ങളും നടക്കുന്നതാകാം കാരണം. കൃത്യമായ കാര്യമറിയില്ല പക്ഷേ ഇങ്ങനെയകാമെന്ന് കരുതുന്നുവെന്ന് കമല്‍ പറഞ്ഞു.
കമലിനോട് സംസാരിക്കാനും വിദ്യ തയ്യാറായില്ല. പൊതുസുഹൃത്തായ റസൂല്‍ പൂക്കുട്ടിയോടാണ് ഒടുവില്‍ വിദ്യ സംസാരിച്ചത്. ചിത്രത്തില്‍ നിന്ന് പിന്മാറിയതില് വിഷമമുണ്ടെന്നും കാരണം നേരില്‍ കാണുമ്പോള്‍ പറയാമെന്നുമാണ് താരം പറഞ്ഞത്. മാധവിക്കുട്ടിയുടെ ജീവിതത്തിലെ എല്ലാ ഏടുകളിലൂടെയുമാണ് കടന്നു പോകുന്ന ചിത്രമാണിത്. ഈ കഥാപാത്രം മഞ്ജുവിന് വലിയ വെല്ലുവിളിയാണെന്നും കമല്‍ പറഞ്ഞു.






