
ഓരോ വ്യക്തികളും തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലാസ് വെഗാസിലെ ഒരു സംഗീത പരിപാടിക്കിടെ മോഷ്ടിക്കപ്പെട്ട തന്റെ സ്മാര്‍ട്ട്ഫോണ്‍, എങ്ങനെയാണ് അമേരിക്കയിലുടനീളം സഞ്ചരിച്ച് ചൈനയില്‍ എത്തിയതെന്ന് വിവരിക്കുകയാണ് ഒരു യുവാവ്. രാത്രി ഏറെ വൈകിയാണ് തന്റെ പോക്കറ്റില്‍ നിന്ന് ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. ഉടന്‍ തന്നെ 'ഫൈന്‍ഡ് മൈ' ആപ്പ് വഴി ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ചു. സംഗീത പരിപാടി നടക്കുന്ന സ്ഥലമാണ് ഫോണ്‍ അവസാനമായി കാണിച്ചത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, ട്രാക്കിംഗ് ഡാറ്റയില്‍ ഫോണ്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്നതായി കാണിച്ചു. പെട്ടെന്ന് ലൊക്കേഷന്‍ മാര്‍ക്കര്‍ ചൈനയില്‍ പ്രത്യക്ഷപ്പെട്ടു.
ഫോണിനെ 'ഫൈന്‍ഡ് മൈ' ആപ്പില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉപയോക്താവിന് ഒരു ടെക്സ്റ്റ് സന്ദേശം ലഭിച്ചതാണ് കൂടുതല്‍ സംശയമുയര്‍ത്തിയത്. ഉപകരണം സുരക്ഷിതമല്ലെന്ന് കരുതി, ഉടമ ഫോണ്‍ ഐക്ലൗഡ് അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്യുകയും, പ്രധാനപ്പെട്ട പാസ്വേഡുകള് മാറ്റുകയും ചെയ്തു. എന്നാല്‍ യുവാവിന്റെ പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ പലരും ഫൈന്‍ഡ് മൈ ആപ്പില്‍ നിന്ന് ഉപകരണം ഡിലീറ്റ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്കി. റിമോട്ട് ലോക്ക് അല്ലെങ്കില്‍ എറേസ് ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കി ഫോണിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള കള്ളന്മാരുടെ തന്ത്രമായിരിക്കാം ഈ സന്ദേശം എന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടത്.
'ഇതെല്ലാം നിങ്ങളുടെ ഡാറ്റ അവരുടെ കൈവശമുണ്ടെന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അതുവഴി ഫോണ്‍ ഡിലീറ്റ് ചെയ്യിക്കാനുമുള്ള വ്യാജ സന്ദേശങ്ങളാണ്... നിങ്ങള്‍ കള്ളന്മാര്ക്ക് ഫോണ്‍ അണ്‍ലോക്ക് ചെയ്ത് കൊടുക്കുകയാണ്' എന്നാണ് ഒരാള്‍ കുറിച്ചത്. ശക്തമായ ബില്‍റ്റ്ഇന്‍ സുരക്ഷാ ടൂളുകള്‍ ഉണ്ടായിരുന്നിട്ടും മോഷ്ടിക്കപ്പെട്ട ഫോണുകള്‍ എങ്ങനെയാണ് ഇത്തരം കള്ളക്കടത്തിന് ഇരയാക്കപ്പെടുന്നത് എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.






