
ഓരോ തൊഴില്‍ മേഖലയിലും തൊഴിലാളികള്‍ ശാരീരകവും മാനസികവുമായ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അത്തരത്തിലെ ഒരു മോശം തൊഴില്‍ സാഹചര്യത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ എഴുതിയ ഒരു ജീവനക്കാരന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം 15 ദിവസം മെഡിക്കല്‍ ലീവിലിരിക്കെ കിടക്കയിലിരുന്ന് ജോലി ചെയ്യാന്‍ മാനേജര്‍ നിര്‍ബന്ധിച്ചുവെന്നാണ് ജീവനക്കാരന് വെളിപ്പെടുത്തിയിരിക്കുന്നത്.
സമൂഹ മാധ്യമത്തില്‍ തന്റെ ദുരനുനുഭവം പങ്കുവെച്ച ജീവനക്കാരന് ശസ്ത്രക്രിയയ്ക്ക് മുമ്പ് മാസങ്ങളായി താന്‍ കടുത്ത വേദനയിലൂടെ കടന്ന് പോവുകയായിരുന്നെന്നും വെളിപ്പെടുത്തി. എന്നാല്‍, അവധി അംഗീകരിച്ചയുടന്‍ തന്നെ മാനേജര്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ശസ്ത്രക്രിയ നടന്ന ദിവസം മരുന്നിന്റെ മയക്കത്തില്‍ ആയിരിക്കുമ്പോള്‍ പോലും മാനേജര്‍ ഫോണ്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം മുതല്‍ മാനേജര്‍ ജോലിയിലെ പുരോഗതിയെക്കുറിച്ച് ചോദിച്ച് സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. ഏഴാം ദിവസം ആയപ്പോള്‍ എന്നാണ് മുഴുവന്‍ സമയ ജോലിയില്‍ പ്രവേശിക്കുക എന്ന ചോദ്യമുയര്‍ന്നു. അതേസമയം കമ്പനിയുടെ പേരോ മാനേജറുടെ പേരോ കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടില്ല.
ഡിസ്ചാര്‍ജ് പേപ്പറുകള്‍, ഡോക്ടറുടെ കുറിപ്പടി, വ്യക്തമായ വിശ്രമ നിര്‍ദ്ദേശങ്ങള്‍ എന്നിവയടങ്ങിയ മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടും, മാനേജര്‍ സമ്മര്‍ദ്ദം തുടര്‍ന്നു എന്നാണ് ജീവനക്കാരന് പറയുന്നത്. പോസ്റ്റ് വൈറലായതോടെ മാനേജരുടെ അനുകമ്പയില്ലാത്ത പ്രവര്‍ത്തിയെ നിരവധി പേര് വിമര്‍ശിച്ചു. നിങ്ങള്‍ക്ക് അവധി ലഭിച്ചതാണ്, കൂടുതല്‍ സമ്മര്‍ദ്ദം എടുക്കാതെ ആരോഗ്യം നോക്കുക എന്നതായിരുന്നു ശ്രദ്ധേയമായ ഒരു കുറിപ്പ്. ചില സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകളിലേക്ക് വിരള് ചൂണ്ടുകയാണ് ഇദ്ദേഹത്തിന്റെ തുറന്നു പറച്ചില്. തൊഴിലിടത്ത് ഉണ്ടായിരിക്കേണ്ട അടിസ്ഥാന അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം വീണ്ടും തിരി കൊളുത്തിയിരിക്കുന്നത്.






