ചെന്നൈ: തമിഴക രാഷ്ട്രീയം പ്രത്യേക പ്രതിസന്ധി ഘട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍ പനീര്‍സെല്‍വം നേരിടുന്നത് എം.ജി.ആറും ജയലളിതയും നേരിട്ട സമാന വെല്ലുവിളി. 1972ല്‍ ഡി.എം.കെയില്‍ എം.ജി.ആര് കലാപക്കൊടി ഉയര്‍ത്തിയപ്പോഴും 1988ല്‍ അണ്ണാ ഡി.എം.കെയില്‍ ജയലളിത ഇടഞ്ഞപ്പോഴും ഇന്നത്തേതിന് സമാനമായ സാഹചര്യമാണ് ഇരുവരും നേരിട്ടത്. ഇരുവരും കലാപക്കൊടി ഉയര്‍ത്തുമ്പോള്‍ ഭൂരിപക്ഷം എം.എല്‍.എമാര്‍ അവരുടെ എതിര്‍പക്ഷത്തായിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും അവര്‍ക്കൊപ്പമായിരുന്നു.
പാര്‍ട്ടിയുടെ ഔദ്യോഗിക സംവിധാനം മുഴുവന്‍ എതിര് പക്ഷത്ത് ആയിരുന്നിട്ടും എം.ജി.ആറും ജയയും പിന്നീട് ജനകീയ നേതാക്കളായി വളര്‍ന്നത് ചരിത്രം. സമാനമായ സാഹചര്യമാണ് ഇന്ന് ഒ.പി.എസ് എന്ന ഒ. പനീര്‍സെല്‍വം നേരിടുന്നത്. നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 123 എം.എല്‍.എമാരുടെ പിന്തുണയുണ്ട്്. എന്നാല്‍ മറുപക്ഷത്ത് ഒ.പി.എസിന് 11 എം.എല്‍.മാരുടെ പിന്തുണയാണുള്ളത്.
1988ല്‍ സമാനമായ വെല്ലുവിളിയാണ് ജയലളിത നേരിട്ടത്. അന്ന് എം.ജി.ആറിന്റെ മരണത്തിന് ശേഷം ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ 131 എം.എല്‍.എമാരില്‍ 87 പേരുടെ പിന്തുണ ജാനകീ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന് ആയിരുന്നു. എന്നാല്‍ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ ജയലളിതയ്ക്ക് ആയിരുന്നു.
1972ല്‍ പാര്‍ട്ടിയില്‍ കലാപെക്കൊടി ഉയര്‍ത്തിയ എം.ജി.ആറിനെ 31 അംഗ കേന്ദ്ര നിര്‍വാഹക സമിതിയിലെ 26 അംഗങ്ങളുടെയും പിന്തുണയോടെയാണ് പുറത്താക്കിയത്. എന്നാല്‍ പ്രവര്‍ത്തകരുടെ പിന്തുണയോടെ എം.ജി.ആര് അണ്ണാ ഡി.എം.കെ രുപീകരിക്കുകയും അനിഷേധ്യ നേതാവായി വളരുകയും ചെയ്തത് ചരിത്രം.
ഇപ്പോള്‍ പനീര്‍സെല്‍വം അഭിമുഖീകരിക്കുന്നതും സമാനമായ രാഷ്ട്രീയ സാഹചര്യമാണ്. പാര്‍ട്ടിയില്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണ ഔദ്യോഗിക പക്ഷത്തിനും പ്രവര്‍ത്തകരുടെയും പിന്തുണ പനീര്‍സെല്‍വത്തിനാണ്. എം.ജി.ആറും ജയലളിതയും പ്രതിസന്ധികളെ അതിജീവിച്ചത് പോലെ ഒ.പി.എസും നാളെ ജനകീയ നേതാവായി വളരുമോ എന്നതാണ് തമിഴകം ഉറ്റുനോക്കുന്നത്.






