
പക, മനുഷ്യനില്‍ മാത്രം കൂടുതലായി കണ്ടുവരുന്ന സവിശേഷതയാണിത്. തന്നോട് മോശമായി പെരുമാറുന്നവരോടോ അല്ലെങ്കില്‍ ദ്രോഹിക്കുന്നവരോടോ പല മനുഷ്യരും പകയും പ്രതികാരമനോഭാവവുമൊക്കെ സൂക്ഷിക്കാറുണ്ട്. കൊടിയ യുദ്ധങ്ങള്‍ക്കും തലമുറകളോളം കൈമാറിയ കുടിപ്പകയ്ക്കുമൊക്കെ ഈ സ്വഭാവം വഴിവച്ചിട്ടുണ്ട്. മനുഷ്യരോളമില്ലെങ്കിലും പകയും പ്രതികാര ഓര്‍മയുമൊക്കെ സൂക്ഷിക്കുന്ന ചില ജീവികളുണ്ട്. കാക്കകളും ആനകളുമൊക്കെ ഇത്തരം ഓര്‍മകള്‍ സൂക്ഷിക്കുമെന്നു പറയാറുണ്ട്. ഇത്തരം പക കൊണ്ടു നടക്കുന്ന മൃഗങ്ങളില്‍ മറ്റൊരു ഉദാഹരണമാണ് ഒട്ടകം.
തങ്ങളെ ഉപദ്രവിക്കുന്നവരെ ഒട്ടകങ്ങള്‍ ഓര്‍മിച്ചുവെച്ച് പ്രതികാരം ചെയ്യുമെന്ന് ഒരു കെട്ടുകഥയുണ്ട്. എന്നാല്‍ ഇതൊരു വെറും കെട്ടുകഥയല്ലെന്നും ചിലര്‍ക്കൊക്കെ ഇതു സംബന്ധിച്ച് അനുഭവസാക്ഷ്യമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. കനത്ത ചൂടില്‍ കെട്ടിയിടുന്നത് പോലുള്ള പീഡനങ്ങള്‍ക്ക് ഇരയായ ഒട്ടകങ്ങള്‍ ഉടമകളെ കൊല്ലുകയോ ആക്രമിക്കുകയോ ചെയ്ത നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ രാജസ്ഥാനിലും ഇത്തരമൊരു സംഭവം കഴിഞ്ഞ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉടമയുടെ തല കടിച്ചുകുടഞ്ഞ് അവരെ വധിക്കുന്ന രീതിയും ചില ഒട്ടകങ്ങളില്‍ കാണപ്പെടാറുണ്ട്.
മോശമായി പെരുമാറിയാല്‍ ഒട്ടകങ്ങള്‍ പാല് ചുരത്തുന്നത് നിര്‍ത്തുകയോ, നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ, പുറത്തിരിക്കുന്ന യാത്രക്കാരെ തള്ളിയിടുകയോ ചെയ്യാം. തങ്ങളുടെ ഈ അതൃപ്തി അവ മറ്റ് ഒട്ടകങ്ങളെ അറിയിക്കുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ദ്രോഹിച്ചവരെയും വേദനിപ്പിച്ച സാഹചര്യങ്ങളെയും ദീര്‍ഘകാലം ഓര്‍മയില്‍ സൂക്ഷിക്കാനും പ്രതികാരം ചെയ്യാന്‍ അവസരം പാര്‍ത്തിരിക്കാനും അവയ്ക്ക് കഴിവുണ്ട്.ഒട്ടകങ്ങള്‍ വളരെ ഉയര്‍ന്ന ഗ്രഹണശേഷിയുള്ള ജീവികളാണ്. അസൂയ, നീരസം തുടങ്ങിയ തീവ്ര വികാരങ്ങള്‍ അനുഭവിക്കാന്‍ അവയ്ക്ക് കഴിയും. അവയുടെ 'പക' എന്നത് യാദൃശ്ചികമായുണ്ടാകുന്ന ഒന്നല്ല, മറിച്ച് തങ്ങള്‍ക്കു ദീര്‍ഘനാളുകളില്‍ ഉണ്ടാകുന്ന മോശം അനുഭവങ്ങളോടും മാനസികാഘാതങ്ങളോടുമുള്ള പ്രതികരണമാണ്.






