
വീടിന്റെ ബാല്‍ക്കണിയില്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോയ ഒരു രണ്ട് യുവാക്കളെ രക്ഷിക്കാന്‍ ഡെലിവറി ഏജന്റ് എത്തിയ കൗതുകകരമായ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുനെയിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ 3 മണിക്ക് ബാല്‍ക്കണിയില്‍ കുടുങ്ങിയ യുവാവ് സഹായത്തിനായി പോലീസിനെയോ സുഹൃത്തുക്കളെയോ വിളിക്കുന്നതിന് പകരം ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമായ 'ബ്ലിങ്കിറ്റിനെ' ആണ് ആശ്രയിച്ചത്.
പുനെ സ്വദേശിയായ മിഹിര്‍ ഗാഹുക്കറാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ ഈ അപൂര്‍വ്വ അനുഭവം വീഡിയോ സഹിതം പങ്കുവെച്ചത്. പുലര്‍ച്ചെ 3 മണിയോടെ മിഹിറും സുഹൃത്തും കൂടി ബാല്‍ക്കണിയിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാല്‍ അവര്‍ പോലുമറിയാതെ ബാല്‍ക്കണിയുടെ വാതില്‍ അബദ്ധത്തില്‍ പിന്നില്‍ നിന്ന് ലോക്ക് ആയിപ്പോയി. വീടിനുള്ളില്‍ മാതാപിതാക്കള്‍ നല്ല ഉറക്കത്തിലായിരുന്നു. അവരെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചാല്‍ അവര്‍ പരിഭ്രാന്തരാകുമോ എന്ന ആശങ്കയിലായിരുന്നു യുവാക്കള്‍. ഫോണ്‍ കയ്യിലുണ്ടായിരുന്നെങ്കിലും ഇത്രയും വൈകിയ സമയത്ത് ആരെ വിളിക്കണമെന്ന ആശയക്കുഴപ്പത്തിനിടയിലാണ് ബ്ലിങ്കിറ്റില്‍ നിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം എന്ന ബുദ്ധി യുവാവിന് തോന്നിയത്.
ഉടന്‍ തന്നെ ബ്ലിങ്കിറ്റ് ആപ്പ് വഴി ലഘുഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത യുവാവ്, 'ഡെലിവറി ഇന്സ്ട്രക്ഷന്' കോളത്തില്‍ താന്‍ ബാല്‍ക്കണിയില്‍ കുടുങ്ങിപ്പോയ വിവരം വ്യക്തമാക്കുകയും വാതില്‍ തുറക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ഡെലിവറി ഏജന്റ് സ്ഥലത്തെത്തി. ഓര്‍ഡറുമായി എത്തിയ ഏജന്റ് യുവാവ് നല്കിയ നിര്‍ദ്ദേശപ്രകാരം വാതില്‍ തുറന്ന് അദ്ദേഹത്തെ പുറത്തെത്തിച്ചു. താന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തേക്കാള്‍ വലിയ ഉപകാരമാണ് ആ ഏജന്റ് ചെയ്തതെന്ന് യുവാവ് കുറിച്ചു.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് പോസ്റ്റ് വൈറലായിമാറിയത്. ബ്ലിങ്കിറ്റ് സിഇഒ അല്‍ബിന്ദര്‍ ധീന്‍ഡ്സയും ഈ സംഭവത്തോട് പ്രതികരിച്ചു. ഉപഭോക്താവിന്റെ പ്രശ്നം പരിഹരിച്ച ഡെലിവറി പാര്‍ട്ണറെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സമയബന്ധിതമായി ഭക്ഷണമെത്തിക്കുന്നതിനൊപ്പം ഇത്തരമൊരു സഹായം കൂടി ചെയ്ത ഡെലിവറി ഏജന്റിന് സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടിയാണ് ലഭിക്കുന്നത്.






