
ഏത് കഥാപാത്രവും പൂർണതയോടെ പകർന്നാടാൻ കഴിവുള്ള ചുരുക്കം നടിമാരിൽ ഒരാളായ ബോളിവുഡിന്റെ റാണി തന്നെയാണ് റാണി മുഖർജി. ടീനേജ് കാലത്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ച റാണി ഇന്നും സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വെള്ളിത്തിരയില്‍ റാണി പകര്‍ന്നാടിയിട്ടുള്ള കഥാപാത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ വിസ്മയിച്ചിട്ടുണ്ട്, പ്രശംസിച്ചിട്ടുണ്ട്, കൈയടിച്ചിട്ടുണ്ട്.
നിർഭയയും നിശ്ചയദാർഢ്യവുമുള്ള പൊലീസുകാരിയായ ശിവാനി ശിവാജി റോയിയായി റാണി മുഖര്‍ജി കൈയടി നേടിയ സിനിമയാണ് മര്‍ദാനി. ആദ്യ ഭാഗത്തിന്റെ ഗംഭീര വിജയത്തിനു ശേഷം രണ്ടാം ഭാഗമായ മര്‍ദാനി 2 വും പ്രേക്ഷകപ്രശംസ നേടിയിരുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് നിരൂപക പ്രശംസ നേടിയ ‘മർദാനി’ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ‘മർദാനി 3’ ട്രെയിലർ എത്തിയത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ 15 മില്ല്യണ്‍ കാഴ്ച്ചക്കാരെയാണ് ട്രെയിലര്‍ നേടിയത്.
ഇപ്പോഴിതാ റാണി മുഖര്‍ജിയുടെ സുഹൃത്തും അഭിനേത്രിയുമായ കരീന കപൂര്‍ ട്രെയിലറിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ പങ്കിട്ട പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ട്രെയിലര്‍ പങ്കിട്ട് റാണിയെയും പ്രശംസിച്ച് കരീന കുറിപ്പ് പങ്കിട്ടത്. ‘‘ഡൈനാമൈറ്റ്..റാണി മേരി ജാൻ നിങ്ങളെ എപ്പോഴും സ്നേഹിക്കുന്നു... കില്ലിംഗ് ഇറ്റ്...’’ എന്നാണ് കരീന കുറിച്ചത്. റാണി മുഖര്‍ജിയെയും ആദിത്യ ചോപ്രയെയും യാഷ് രാജ് ഫിലിംസിനെയും ടാഗ് ചെയ്താണ് കരീനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
ബോളിവുഡിലെ മിക്ക താരങ്ങളും ‘മര്‍ദാനി 3’യുടെ ട്രെയിലറിനെ പ്രശംസകള്‍ കൊണ്ട് മൂടുന്നുണ്ട്. ആലിയ ഭട്ട് കുറിച്ചത്, “30 വർഷത്തെ മറക്കാനാവാത്ത പ്രകടനങ്ങൾ, ഇപ്പോൾ ഒന്ന് കൂടി. മർദാനി 3 കാണാൻ കാത്തിരിക്കാനാവില്ല.” എന്നാണ്. ചലച്ചിത്ര നിർമ്മാതാവ് സിദ്ധാർത്ഥ് ആനന്ദും ‘ഫന്റാസ്റ്റിക്’ എന്ന് കുറിച്ച് ട്രെയിലറിനെ പ്രശംസിച്ചു. ട്വിറ്ററില്‍ ലിങ്ക് പങ്കിട്ട സിദ്ധാര്‍ത്ഥ്, ‘അത് തീർച്ചയായും കാണേണ്ട ഒന്നാണ്, മർദാനി 3 ട്രെയിലർ അതിശയകരമാണ്... മിന്നൽപ്പിണർ പോലെ നിങ്ങളെയത് ആകർഷിക്കുന്നു... റാണി സ്വർണ്ണമാണ്... അമ്മയായി അഭിനയിക്കുന്ന മല്ലിക പ്രസാദ് ഭയപ്പെടുത്തുന്നതാണ്... അഭിരാജ്, നിങ്ങൾ ഇത് അതിശയിപ്പിച്ചു... മോഹിത്, നീ വീണ്ടും എത്ര മനോഹരമായ ട്രെയിലർ എഡിറ്റ് ചെയ്തു... സുഹൃത്തുക്കളേ, ഇപ്പോൾ കാണുക...’ എന്നും കുറിച്ചിരുന്നു. ‘‘രാജ്ഞിയുടെ 30 വർഷങ്ങൾ ആഘോഷിക്കുന്നു... പകരം വയ്ക്കാനാവാത്ത, തടയാനാവാത്ത, നിർവചിക്കാനാവാത്തത്...’ എന്നാണ് കത്രീന കെയ്ഫ് കുറിച്ചത്. ‘30 വർഷങ്ങൾ. ഒരു റാണി. അനന്തമായ ശക്തി. കാലാതീതമായ കൃപയിൽ നിന്ന് നിർഭയമായ മർദാനിയിലേക്കുള്ള, താങ്കള്‍ ഇപ്പോഴും സ്ക്രീൻ ഭരിക്കുന്നു. മർദാനി 3 കാണാൻ കാത്തിരിക്കാനാവില്ല...’ എന്നാണ് കിയാര അദ്വാനി കുറിച്ചത്.






