
കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം മറ്റന്നാള്‍ വരെ തുടരും. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. കൃഷ്ണദാസ് ജാമ്യം നേടിയത് വ്യാജവിവരങ്ങള്‍ കോടതിയില്‍ സമര്പ്പിച്ചാണെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ടാണ് കൃഷ്ണദാസിനെതിരെ കേസെടുത്തത്. കൃഷ്ണദാസിനെതിരായ ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കുമോ എന്ന് ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ കോടതി ആരാഞ്ഞു. പ്രിന്‍സിപ്പലിന്റെ രഹസ്യമൊഴി ഹാജരാക്കണമെന്നും കേസ് ഡയറി ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
കലക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കൃഷ്ണസാസ് അറസ്റ്റ് ഒഴിവാക്കുന്നതിനായി മുന്‍കൂര്‍ ജാമ്യം നേടിയത്. എന്നാല്‍ യോഗം നേരത്തെ കഴിഞ്ഞിരുന്നതാണെന്നും കോടതിയെ കൃഷ്ണദാസ് തെറ്റിദ്ധരിപ്പിക്കുയായിരുന്നുവെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന് എതിര്‍ക്കാതിരുന്നതും വിവാദമായിരുന്നു.






