
എഴുപുന്ന: മദ്യലഹരിയില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘട്ടനത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. എറണാകുളം കുമ്പളങ്ങി പഴങ്ങാടി വലിയപറമ്പ് നിതിന്‍ കൃഷ്‌ണന്‍ (30) ആണു മരിച്ചത്. എഴുപുന്ന പാലസ് ബാറിനു മുന്നില്‍ വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം.
ബാറില്‍നിന്നു മദ്യപിച്ചശേഷം രാത്രി പതിനൊന്നരയോടെ യുവാക്കള്‍ പുറത്തിറങ്ങിയപ്പോഴാണു സംഘട്ടനമുണ്ടായത്.
ബാറിലുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു വിവരം. മദ്യപാനത്തിനിടെ നാലംഗ സംഘവുമായി നിധിന്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് ബാറില്‍നിന്ന് ഇറങ്ങിയ ശേഷവും ഇവര്‍ തമ്മില്‍ അടിപിടിയുണ്ടായെന്ന് പോലീസ് പറഞ്ഞു. തലയ്‌ക്ക് അടിയേറ്റാണു മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബാറിനു സമീപം റോഡിനടുത്ത് ബോധരഹിതനായി കിടന്ന നിധിനെ അരൂര്‍ പോലീസെത്തിയാണു കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ മൂന്നു യുവാക്കളെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.






