
തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക പ്രസിദ്ധീകരിക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള കെ.പി.സി.സി. മുന്‍ പ്രസിഡന്റ് കെ. സുധാകരന്റെ സമ്മര്‍ദത്തിനു വഴങ്ങാത്തതു കോണ്‍ഗ്രസിന്റെ വിജയമായി വിലയിരുത്തല്‍. ഇതു നേരത്തെ വേണമായിരുന്നു എന്ന അഭിപ്രായമാണ് കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളും രഹസ്യമായി പ്രകടിപ്പിക്കുന്നത്. വിവാദം ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചശേഷമാണ് ഹൈക്കമാന്‍ഡിന്റെ കര്‍ശന തീരുമാനമെങ്കിലും അതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ഗുണംചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
സമ്മര്‍ദത്തിനു വഴങ്ങാത്ത പാര്‍ട്ടി നിലപാട് പ്രചാരണായുധം ആക്കണമെന്ന അഭിപ്രായക്കാരാണ് അവര്‍. വളരെ ശക്തമായ നേതൃത്വമാണ് കോണ്‍ഗ്രസിന്റേത് എന്ന സന്ദേശം സമൂഹത്തിനു നല്കാന് ഇതുകൊണ്ടു സാധിക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ പ്രചാരണായുധമാക്കുമ്പോള്‍ കെ. സുധാകരന്റെ പേരു പരസ്യമായി പറയില്ല. വീണ്ടും സുധാകരനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിര്‍ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്.
ഹൈക്കമാന്‍ഡിനു പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ശക്തമായ നിലപാടും എം.പിമാര്‍ക്കു നിയമസഭാ സീറ്റ് നിഷേധിച്ച പ്രധാന ഘടകമാണ്. സുധാകരന്റെ കാര്യത്തില്‍ ഒരു ഘട്ടത്തില്‍ വിട്ടുവീഴ്ചയ്ക്കു ഹൈക്കമാന്‍ഡ് തയാറായെങ്കിലും അതു പറ്റില്ലെന്ന നിലപാടില്‍ സതീശന് ഉറച്ചുനിന്നുവെന്നാണു വിവരം.
എം.പിമാര്‍ നിയമസഭയിലേക്കു മത്സരിക്കേണ്ട എന്ന ധാരണ ഹൈക്കമാന്‍ഡ് തിരുത്തിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു മാറിനില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള വഴികള്‍ തേടാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയെന്നാണു റിപ്പോര്‍ട്ട്. സുധാകരനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കണ്ണൂരിലെ ചില മണ്ഡലം കമ്മിറ്റികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചുവെന്നും സൂചനയുണ്ട്. അതോടെ വിഷയത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് കര്‍ശനമാക്കുകയായിരുന്നു. സുധാകരന് നിയമസഭയിലേക്കു മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. എം.പിമാര്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും കടുപ്പിച്ചതോടെയാണ് അന്തിമ തീരുമാനമുണ്ടായത്.






