
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഈ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 1029 ആയി. മൂന്ന് ഡെങ്കി മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ആണ് മരണം. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് മൂന്നാമത്തെ മരണമാണിത്.
അതേസമയം നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരിൽ ഒരാളെ കൂടി രോഗ ലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 5 പേർ ആശുപത്രി വിട്ടു. 4 പേർ നിരീക്ഷണത്തിൽ തുടരുകയാണ്.
സംസ്ഥാനത്ത് പനി വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശങ്ങളും പുറത്തിറക്കി. പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കൂളുകളിൽ ഫുഡ് ഇൻസ്പെക്ടർമാർ പ്രത്യേക പരിശോധന നടത്തണമെന്നും ആരോഗ്യപ്രശ്നങ്ങളുള്ളവർ ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. കുടിവെള്ള സ്രോതസുകൾ പരിശോധിച്ച് ശുചിത്വം ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.






