
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. അധികാരത്തിൽ വന്നാൽ പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയും എന്ന് പറഞ്ഞയാളാണ് ഇപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി. പി എം ശ്രീ നടപ്പിലാക്കില്ലെന്ന് പി കുഞ്ഞാലിക്കുട്ടി പറഞ്ഞതും എം സ്വരാജ് ചൂണ്ടിക്കാണിച്ചു. ഇന്നലെ വരെ പറഞ്ഞ കാര്യങ്ങൾ യുഡിഎഫ് സർക്കാർ വിഴുങ്ങുകയാണ്. കോൺഗ്രസ് ജയിക്കുകയും ബിജെപി ഭരിക്കുകയും ചെയ്യുന്നതിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും എം സ്വരാജ് കുറ്റപ്പെടുത്തി.
'പി എം ശ്രീയിൽ നിന്ന് ഒപ്പിട്ട് പണം വാങ്ങിയെന്നാണ് ഇപ്പോൾ ഉത്തരവാദിത്വപ്പെട്ടവർ പറയുന്നത്. ഒരു നയാപൈസ പി എം ശ്രീ ഇനത്തിൽ കേരളം കൈപ്പറ്റിയിട്ടില്ല. എസ്എസ്കെ ഫണ്ടും പി എം ശ്രീ ഫണ്ടും തമ്മിലുള്ള വ്യത്യാസം പോലും ഈ സർക്കാരിന് അറിയില്ല. പി എം ശ്രീ ഒപ്പിടാത്തത് കൊണ്ടാണ് എസ്എസ്കെ ഫണ്ട് പോലും തടഞ്ഞു വെച്ചതെന്ന് എം സ്വരാജ് പറഞ്ഞു. അധികാരത്തിൽ എത്തിയാൽ പി.എം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന പ്രഖ്യാപനം നടത്തിയവരാണ് ഭരണത്തിലേറിയപ്പോൾ, സാങ്കേതികത്വം പറഞ്ഞ് മലക്കം മറിഞ്ഞിരിക്കുന്നത്. പ്രതിപക്ഷത്തിരുന്ന് ഇടത് മുന്നണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ യുഡിഎഫിനെ തിരിഞ്ഞുകൊത്തുകയാണ്.
പി എം ശ്രീ പദ്ധതിയിൽ ഏതൊക്കെ സ്കൂളുകൾ വേണം എന്ന കാര്യത്തിൽ പോലും ആലോചിച്ചിട്ടില്ല.ആ പദ്ധതി നടപ്പിലാക്കാനേ ഉദ്ദേശിച്ചിട്ടി'ല്ലെന്നും എം സ്വരാജ് വ്യക്തമാക്കി.'സമഗ്ര ശിക്ഷയിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് വ്യവസ്ഥാപിതമായി ലഭിക്കേണ്ടതാണ്. എന്നാൽ 2023-24 മുതൽ പിഎം ശ്രീയിൽ ഒപ്പിട്ടില്ല എന്ന കാരണം പറഞ്ഞ് ആ ഫണ്ട് മരവിപ്പിക്കുകയാണ് ചെയ്തത്. അതാണ് പ്രശ്ന'മെന്നും എം സ്വരാജ് ചൂണ്ടിക്കാണിച്ചു. 'ഒരുഘട്ടത്തിൽ ഈ ഫണ്ടിൽ കുടിശ്ശികയുണ്ടായിരുന്നത് സ്കൂൾ യൂണിഫോം, പാഠപുസ്തകം തുടങ്ങിയവയെല്ലാം വിതരണം ചെയ്തതിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കേന്ദ്രത്തിൻ്റെ വിഹിതം തരണം എന്ന ആവശ്യത്തിൽ സമഗ്രശിക്ഷയുടെ ഒരു ഗഡു അനുവദിച്ചതിനെയാണ് പിഎം ശ്രീ ഫണ്ട് എന്ന് കളവായി ചിലർ പറഞ്ഞു കൊണ്ടിരിക്കുന്ന'തെന്നും എം സ്വരാജ് കുറ്റപ്പെടുത്തി.






