
തെലുങ്കില്‍ തിളങ്ങി നില്ക്കുന്ന നായികയാണെങ്കിലും ഭാഷയും ദേശവും കടന്ന് പ്രേക്ഷകപ്രീതി നേടിയ അഭിനേത്രിയാണ് രാശ്മിക മന്ദാന. ചുരുങ്ങിയ കാലം കൊണ്ട് സൂപ്പർസ്റ്റാർ പരിവേഷം ലഭിച്ച താരത്തിനെ പുഞ്ചിരിച്ച് മാത്രമാണ് ആരാധകര്‍ കണ്ടിട്ടുള്ളത്. ‘സ്മൈലിങ് ക്വീൻ’ എന്ന വിശേഷണം കൂടിയുണ്ട് താരത്തിന്. തന്റെ റീല്‍ ലൈഫിലെ ഹീറോയായ വിജയ് ദേവരകൊണ്ടയെ റിയല്‍ ലൈഫിലും ജീവിതപങ്കാളിയാക്കിയപ്പോള്‍ ആരാധകരുമത് സന്തോഷപൂര്‍വ്വം ആഘോഷിച്ചു.
വിജയ് ദേവ്രകൊണ്ടയുമായുള്ള വിവാഹത്തിന് പിന്നാലെ കരിയറിലെ വലിയൊരു നേട്ടം കൂട്ടി സ്വന്തമാക്കിയിരിക്കുകയാണ് രാശ്മിക. ‘ദ ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് തെലുങ്കാന ഗദ്ദർ ഫിലിം അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരമാണ് താരം ഏറ്റുവാങ്ങിയത്. എന്നാല്‍ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളുമാണ് താരത്തിന് നേരിടേണ്ടി വന്നത്. രശ്മികയുടെ അഭിനയത്തെക്കാൾ മികച്ച പ്രകടനങ്ങൾ മറ്റ് നടിമാർ കാഴ്ചവെച്ചിട്ടുണ്ടെന്നും ഈ അവാർഡ് അർഹതപ്പെട്ടതല്ലെന്നുമായിരുന്നു വിമർശകരുടെ വാദം.
ഇപ്പോഴിതാ പുരസ്കാരം ഏറ്റുവാങ്ങിയശേഷം ഏറെ വികാരാധീനയായി രാശ്മിക സംസാരിക്കുന്നതും അതു കേട്ട് വിജയ് ദേവരകൊണ്ടയുടെ അമ്മയുടെ കണ്ണുകള്‍ ഈറനണിയുന്നതുമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തന്റെ അഭിനയത്തെയും ഭാഷയെയും പരിഹസിച്ചവർക്കുള്ള മറുപടിയായി താരത്തിന്റെ വാക്കുകൾ.
“മുമ്പ് സിനിമകളിലെ എന്റെ പ്രകടനത്തിന് ഞാൻ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന്, എന്റെ അഭിനയത്തിന് ഒരു സംസ്ഥാന അവാർഡ് ലഭിച്ചു. അതിനാൽ, ഞാൻ ഒരുപാട് ദൂരം പിന്നിട്ടതായി എനിക്ക് തോന്നുന്നു. ‘ദി ഗേൾഫ്രണ്ട്’ പോലുള്ള ഒരു ചിത്രത്തിന് ഈ അവാർഡ് ലഭിക്കുന്നത് വളരെ പ്രത്യേകതയുള്ളതാണ്. ഇതുപോലുള്ള കൂടുതൽ സിനിമകൾ നിർമ്മിക്കാനുള്ള ആത്മവിശ്വാസം ഇത് നൽകുന്നു. സ്നേഹിക്കുന്നവർ ഉള്ളതുപോലെ എന്നെ വെറുക്കുന്നവരും ഉണ്ടാകും. എല്ലാവരെയും തൃപ്തിപ്പെടുത്താൻ ആർക്കും കഴിയില്ല. എന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്...’’ രാശ്മികയുടെ വാക്കുകള്‍ കേട്ട് വിജയ് ദേവരകൊണ്ടയുടെ അമ്മ ആവേശത്തോടെ കൈയടിച്ചു.
ആരാധകര്‍ക്ക് നന്ദി പറഞ്ഞ ശേഷം രാശ്മിക, വിജയ് ദേവരകൊണ്ടയുടെ അമ്മയോടായി പറഞ്ഞത്, ‘‘വിവാഹശേഷം ഞാൻ തെലുങ്കിന്റെ മരുമകളായി. ഞാൻ ഒരു മരുമകളാകുന്നതിന് മുമ്പ്, താങ്കള്‍ എന്നെ ഒരു മകളെപ്പോലെ സ്നേഹിച്ചിരുന്നു. ഇന്ന്, ഒരു മരുമകളായി ഞാൻ നിങ്ങളുടെ മുന്നിൽ ഔദ്യോഗികമായി നിൽക്കുന്നു. ഇത് എനിക്ക് വളരെയധികം അഭിമാനം നൽകുന്നു, നിങ്ങളുടെ സ്നേഹത്തിന് ഞാൻ എപ്പോഴും വളരെയധികം നന്ദിയുള്ളവളായിരിക്കും. ആ സ്നേഹം എല്ലാവരും എന്റെ കുടുംബവുമായി പങ്കിടണമെന്ന് മാത്രമാണ് ഇപ്പോൾ എനിക്കുള്ള ഒരേയൊരു ആഗ്രഹം... പപ്പാലു, ഞാൻ അത് ചെയ്തു. ഇപ്പോൾ നമുക്ക് വീട്ടിൽ പോയി പാർട്ടി നടത്താം...’’ എന്നാണ് രാശ്മിക പറഞ്ഞത്. തന്റെ മരുമകളുടെ വിജയത്തില്‍ കണ്ണുനിറഞ്ഞ വിജയ് ദേവരകൊണ്ടയുടെ അമ്മ മാധവി ദേവരകൊണ്ട ആവേശത്തോടെ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം. താരത്തിന്റെ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെയാണ് ആരാധകരും ഏറ്റെടുത്തത്. പുരസ്കാരവിവരം അറിഞ്ഞയുടൻ, വിജയ് ദേവ്രകൊണ്ട രാശ്മികയെ അഭിനന്ദിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയുമിട്ടിരുന്നു.
അന്തരിച്ച വിപ്ലവ ഗായകൻ ഗദ്ദറിന്റെ സ്മരണാർത്ഥം തെലങ്കാന സർക്കാർ ഏർപ്പെടുത്തിയതാണ് തെലുങ്കാന ഗദ്ദർ ഫിലിം അവാർഡ്. നേരത്തെ നിലവിലുണ്ടായിരുന്ന ‘നന്ദി അവാർഡുകൾ’ക്ക് പകരമായാണ് ഇത് അവതരിപ്പിച്ചത്. പുരസ്കാരം കിട്ടിയ സന്തോഷം ദീര്‍ഘമായ കുറിപ്പിലൂടെ രാശ്മിക പങ്കിട്ടിരുന്നു.
‘‘എന്റെ ചെറുപ്പത്തിൽ ഒരാൾ സംസ്ഥാന തലത്തിൽ വിജയിയാകുമ്പോൾ ഞാൻ അവരെ സൂപ്പർസ്റ്റാറുകളായി കാണുമായിരുന്നു. അവർ എങ്ങനെ ചെയ്തു, ദിവസങ്ങളിലൂടെ അവർ എന്തുചെയ്യുന്നു, അതുപോലുള്ള കാര്യങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ചിന്തിക്കാമായിരുന്നു, ഇന്നലെ വൈകുന്നേരം ഒരു സംസ്ഥാന അവാർഡ് ലഭിക്കുന്നത് എനിക്ക് വളരെ പ്രത്യേകതയുള്ള ഒന്നായിരുന്നു.. വികാരങ്ങളെ വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ ഞാൻ വളരെ ദൂരം പിന്നിട്ടതായി എനിക്ക് തോന്നുന്നു...
എനിക്ക് അഭിമാനം + സന്തോഷം + സംതൃപ്തി തോന്നി...
ഈ വർഷം വളരെ മനോഹരമായ ഒരു കുറിപ്പോടെയാണ് ആരംഭിച്ചത്, ഒരു സംസ്ഥാന അവാർഡിലൂടെ തെലങ്കാനയിലേക്ക് സ്വാഗതം ചെയ്യപ്പെടുന്നത് കൂടുതൽ സവിശേഷമാണ്...
തെലങ്കാന ഗദ്ദർ ഫിലിം അവാർഡുകൾക്ക് നന്ദി, ശ്രീ കലാ സുധ തെലുങ്ക് അസോസിയേഷൻ നന്ദി ആൻഡി.. ഇതിന് വളരെയധികം നന്ദി
രാഹുൽ രവീന്ദ്രന്, ‘ദ ഗേള്‍ഫ്രണ്ട്’ എന്ന സിനിമ സൃഷ്ടിച്ചതിനും, അത് എന്താണെന്നും ഉണ്ടാക്കിയതിനും നന്ദി!
ഞാൻ പറഞ്ഞുകൊണ്ടേയിരിക്കുന്നു.. ഇത് ഒരു തുടക്കം മാത്രമാണ്...’’ എന്നാണ് രാശ്മിക കുറിച്ചത്.






