
അടുക്കളയിലെ തിരക്കുകളില്‍ നിന്ന് ഗെയിമിംഗിന്റെ ആവേശകരമായ ലോകത്തേക്ക് ചുവടുവെച്ച് വിസ്മയിപ്പിക്കുകയാണ് ഒരു ഇന്ത്യന്‍ വീട്ടമ്മ. 'Indian Gaming Mom' എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ മകന് പങ്കുവെച്ച വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വീട്ടുജോലികള്‍ക്കിടയിലും പ്ലേസ്റ്റേഷനിലും പിസിയിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ഇവരുടെ വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് നെറ്റിസണ്‍സ് ഏറ്റെടുത്തത്. പ്രായവും വേഷവുമൊന്നും ഗെയിമിംഗിന് തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് ഇവരുടെ ഈ വേറിട്ട വിനോദം.
വൈറലാകുന്ന വീഡിയോയില്‍, പ്ലേസ്റ്റേഷന്‍ 5ല്‍ സ്പൈഡര്മാന് ഗെയിം കളിക്കുന്ന അമ്മയെ കാണാം. ഭീമന് മണല്‍ രാക്ഷസനോട് പൊരുതി നഗരത്തെ രക്ഷിക്കുന്ന അമ്മയുടെ ദൃശ്യങ്ങള്‍ക്കൊപ്പം 'അമ്മ വിശ്രമിക്കുകയാണെന്നാണ് ഞങ്ങള്‍ കരുതിയത്, പക്ഷേ സത്യത്തില്‍ നഗരത്തെ രക്ഷിക്കുന്ന തിരക്കിലായിരുന്നു അമ്മ' എന്ന മകന്റെ രസകരമായ അടിക്കുറിപ്പും വൈറലായി. മറ്റൊരു വീഡിയോയില്‍ അടുക്കളയിലെ പാചകം വേഗത്തില്‍ പൂര്‍ത്തിയാക്കി തന്റെ പിസിയില്‍ റേസിംഗ് സിമുലേഷന്‍ ഗെയിം കളിക്കുന്ന തിരക്കിലേക്ക് മാറുന്ന അമ്മയെ കണ്ട് കാഴ്ചക്കാര്‍ അമ്പരന്നു.
സമൂഹമാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ഈ 'ഗെയിമിംഗ് അമ്മ'യ്ക്ക് ലഭിക്കുന്നത്. ഫോര്‍മുല 1 ചാമ്പ്യന്മാരായ ലൂയിസ് ഹാമില്ട്ടണ്, മാക്സ് വെര്സ്റ്റാപ്പന് എന്നിവരോടാണ് നെറ്റിസണ്‍സ് ഇവരെ ഉപമിക്കുന്നത്. ഗെയിമിംഗിനോടുള്ള അമ്മയുടെ താല്പര്യം വീട്ടിലെ അന്തരീക്ഷം തന്നെ മാറ്റിയിരിക്കുകയാണ്; ഇപ്പോള്‍ പുതിയ ഗെയിമുകള്‍ വാങ്ങിത്തരാന്‍ മകനോട് ആവശ്യപ്പെടാനും ഇവര്‍ മടിക്കാറില്ല. ഇന്ത്യയിലെ മുതിര്‍ന്ന തലമുറയെക്കുറിച്ചുള്ള മുന്‍വിധികളെ തകര്‍ക്കുന്ന ഈ വീഡിയോകള്‍ക്ക് ദിനംപ്രതി ആരാധകര്‍ ഏറിവരികയാണ്.






