
മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസിന്റെ 47 ാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ ആശംസകളുമായി ഗായിക സുജാത മോഹന്‍. ‘എന്റെ പ്രിയപ്പെട്ട വിജുമോന് ജന്മദിനാശംസകള്‍ ’എന്ന് കുറിച്ചുകൊണ്ടാണ് സുജാത തന്റെ സ്‌നേഹം പങ്കുവെച്ചത്.
യേശുദാസിന്റെ കുടുംബവുമായി പതിറ്റാണ്ടുകളായുളള ആത്മബന്ധമാണ് സുജാതയ്ക്കുളളത്. ഒന്‍പതാം വയസ്സുമുതല്‍ യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടിത്തുടങ്ങിയ സുജാതയ്ക്ക് വിജയ് വളര്‍ന്നുവന്ന ഓരോ ഘട്ടവും സുപരിചിതമാണ്.
വിജയ് യേശുദാസും സുജാതയും ഒന്നിച്ച് പാടിയതില്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഗാനമാണ് 2004-ല്‍ പുറത്തിറങ്ങിയ 'വിസ്മയത്തുമ്പത്ത്' എന്ന ചിത്രത്തിലെ 'മിഴികള്‍ക്കിന്നെന്ത് വെളിച്ചം...' എന്ന് തുടങ്ങുന്ന മെലഡി. ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഈ ഗാനം ഇന്നും പ്രണയികളുടെ പ്ലേലിസ്റ്റില്‍ മുന്‍നിരയിലുണ്ട്. ഇതുകൂടാതെ വാസന്തരാവിന്‍... (കയ്യെത്തും ദൂരത്ത്) ഒരുവട്ടം നിന്നെ ഞാന്‍... (ഫിഡില്‍) ചെമ്പക വെയിലിന്റെ (ഈ തിരക്കിനിടയില്‍) എന്നിവയാണ് ഇരുവരും ചേര്‍ന്ന് ആലപിച്ച ശ്രദ്ധേയമായ മറ്റു ചില ഗാനങ്ങള്‍.
2000-ല്‍ പിന്നണി ഗാനരംഗത്ത് എത്തിയ വിജയ് യേശുദാസ്, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര ഗായകരിലൊരാളാണ്. 'മലരേ' (പ്രേമം), 'പൂമുത്തോളെ' (ജോസഫ്) തുടങ്ങിയ ഗാനങ്ങളിലൂടെ തന്റേതായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി. അഭിനയത്തിലും തിളങ്ങുന്ന വിജയ്, തന്റെ കരിയറിലെ 25-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയിലാണ് ഈ ജന്മദിനം ആഘോഷിക്കുന്നത്.ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് വിജയിക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.






