
നാലു പതിറ്റാണ്ടിലധികമായി തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ഉര്‍വശി. സിനിമയിലെ ഓരോ മാറ്റങ്ങളും കണ്ടു വളർന്ന താരം കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ അഭിനയിച്ചു തീർത്തത് ഒട്ടനവധി വേഷങ്ങളാണ്. തെന്നിന്ത്യയുടെ ‘ലേഡി സൂപ്പർ സ്റ്റാർ’ എന്ന് അടിവരയിട്ടു വിളിക്കാന്‍ പറ്റുന്ന താരമാണ് ഉര്‍വശി. ബാലതാരമായി തുടങ്ങി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തിളങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം അമ്മ വേഷത്തിലും തിളങ്ങി നില്‍ക്കുകയാണ് താരം.
ഇപ്പോഴിതാ അഭിനേതാവ് എന്ന രീതിയിൽ ദിലീപിനോട് തനിക്ക് വ്യക്തിപരമായി അൽപം ഇഷ്ടം കൂടുതലുള്ളതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഉർവശി. ദിലീപിന്റെ ഐക്കണിക് വേഷങ്ങളെയും സെൻസിറ്റീവ് കഥാപാത്ര ചിത്രീകരണങ്ങളെയും കുറിച്ചാണ് ഉർവശി സംസാരിക്കുന്നത്. സങ്കീർണ്ണമായ കഥാപാത്രങ്ങളെ ജീവസുറ്റതാക്കാനുള്ള ദിലീപിന്റെ അതുല്യമായ കഴിവിനെക്കുറിച്ച് പറയുന്ന ഉര്‍വശി, ‘കുഞ്ഞിക്കൂനൻ’ മുതൽ ‘ചാന്തുപൊട്ട്’ വരെയുള്ള കഥാപാത്രങ്ങളെക്കുറിച്ചാണ് പറയുന്നത്. സഹതാപത്തെ ആശ്രയിക്കാതെയുള്ള ദിലീപിന്റെ പ്രകടനങ്ങൾ ഇത്ര ആഴത്തിൽ പ്രതിധ്വനിക്കുന്നത് എന്തുകൊണ്ടെന്നാണ് ഉര്‍വശി പറയുന്നത്.
‘‘ഞാന്‍ ചെയ്ത ‘കാക്കത്തൊള്ളായിരം’ എന്ന സിനിമയിലെ കഥാപാത്രം ഓട്ടിസം ബാധിച്ച കുട്ടിയുടേതായിരുന്നു. അതിന്റെ ആ ഒരു നല്ല വശം എടുത്താണ് ഞാനത് ചെയ്തത്. ഒരിക്കലും അത്തരം കുട്ടികൾക്കുള്ള അമ്മമാർക്ക് വേദന തോന്നാത്ത രീതിയിലാണ് അവതരിപ്പിച്ചത്. ഓരോ കഥാപാത്രത്തെയും ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. അത് ശാരീരികമായ വൈകല്യങ്ങൾ ഉള്ള കഥാപാത്രമാണെങ്കിൽ പോലും അവരെ പരിഹസിക്കുന്ന രീതിയിൽ ആവരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്.
എനിക്ക് ദിലീപിനോടുള്ള പേഴ്സണൽ ഇഷ്ടം അതാണ്. ഒരു ക്യാരക്ടറിനെയും സിംപതറ്റിക് ആയിട്ട് ദിലീപ് ചെയ്തിട്ടില്ല. ‘കുഞ്ഞിക്കൂനൻ’ എന്ന് പറഞ്ഞാൽ ഏറ്റവും സുന്ദരൻ എന്ന് ഭാവിച്ചിട്ടുള്ള ഒരാളായിട്ടാണ് ദിലീപ് ചെയ്തിരിക്കുന്നത്. ‘ചാന്തുപൊട്ടി’ലെ രാധാമണി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. അത് വളരെ ബോൾഡ് ആയിട്ടുള്ള ഒരു അവതരണമായിരുന്നു. ‘ചാന്തുപൊട്ടി’നെ വളരെ പോസിറ്റീവ് ആയിട്ടാണ് ചെയ്തിരിക്കുന്നത്. എപ്പോഴും അങ്ങനെ ചെയ്യാൻ ശ്രമിക്കണം.
മുച്ചുണ്ടുള്ള ‘സൗണ്ട് തോമ’ എന്ന കഥാപാത്രം ആളുകള്‍ അക്സെപ്റ്റ് ചെയ്യുന്ന രീതിയിൽ അങ്ങ് ചെയ്യുക എന്നുള്ളതാണ്. ഈ സിനിമയിലെ കഥാപാത്രങ്ങൾ മറ്റൊരു നടനും ഇനി റിക്രിയേറ്റ് ചെയ്ത് അവതരിപ്പിക്കാൻ പറ്റാത്ത തരത്തിലാണ് ദിലീപ് ചെയ്തിരിക്കുന്നത്. ഏതൊരു കഥാപാത്രത്തിനും സിംപതി സൈഡ് അല്ലാതെ മികച്ച രീതിയില്‍, ആസ്വദിക്കാവുന്ന രീതിയില്‍ അവതരിപ്പിക്കുക എന്നതാണ്...’’ ഉര്‍വശി പറയുന്നു.
‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയിൽ ദിലീപിനൊപ്പം നായിക വേഷം ചെയ്തത് ഉർവശിയായിരുന്നു. സിനിമ പ്രഖ്യാപിച്ച സമയത്ത് ഈ കോമ്പോ ബോറാകുമെന്ന് പ്രേക്ഷകർ കരുതിയിരുന്നു. എന്നാൽ ദിലീപ്-ഉർവശി ജോഡിയുടെ കെമിസ്ട്രിയാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണമായി മാറിയത്.






